5000 രൂപ പ്രതിഫലം കിട്ടാന്‍ പോലും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്: കുഞ്ചന്‍

ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് കുഞ്ചന്‍. കുഞ്ചന്റെ യഥാര്‍ഥ പേര് മോഹന്‍ ദാസ് എന്നാണ്. നഗരം സാഗരം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അന്തരിച്ച മലയാള നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് കുഞ്ചന്‍ എന്ന പേരിട്ടത്.

ഒരു കാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്ന താരം വിശ്രമ ജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചന്‍.

ആദ്യമായി ജീവിതത്തില്‍ അഭിനയിച്ചത് ഒരു ഡോക്യുമെന്ററിയിലാണ്. 250 രൂപ പ്രതിഫലമായി തരാമെന്ന് പറഞ്ഞപ്പോള്‍ പോയതാണ്. അവിടെ ചെന്നപ്പോള്‍ അവര്‍ എന്നെ കോണകം ഉടുപ്പിച്ചു. എന്നിട്ട് ഒരിടത്ത് നിര്‍ത്തിയ ശേഷം പാമ്പിന്‍ കുഞ്ഞുങ്ങളെ ശരീരത്തില്‍ ഇട്ടു. ഞാന്‍ ഭയന്ന് വിറച്ചു. പണം വേണ്ട ജീവന്‍ മതിയെന്ന് പറഞ്ഞ് കരഞ്ഞു.

അതെല്ലാം രസമുള്ള ഓര്‍മകളാണ്. അന്നൊക്കെ വല്ലപ്പോഴും മാത്രമാണ് സിനിമകള്‍ ലഭിച്ചിരുന്നത്. അന്നൊക്കെ എല്ലാ താരങ്ങളും തമ്മില്‍ വലിയ സൗഹൃദം ഉണ്ടായിരുന്നു. ഒരുമിച്ച് ഒരു മുറിയില്‍ താമസവും ഉച്ചയ്ക്കുള്ള ഭക്ഷണം കഴിക്കലും അങ്ങനെ എല്ലാം മനോഹരമായിരുന്നു. ഇപ്പോഴെല്ലാം കാരവാന്‍ സംസ്‌കാരമല്ലേ.

ഇന്ന് സിനിമാ മേഖലയില്‍ എത്തിപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്. നമ്മുടെ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്. അന്ന് 5000 രൂപ പ്രതിഫലം കിട്ടാന്‍ പോലും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്’.