ഫഹദിനെ നായകനായി കിട്ടിയത് എന്റെ ഭാഗ്യം; കുമ്പളങ്ങിയുടെ സംവിധായകന്‍ പറയുന്നു

ഫഹദിനെ തന്റെ ആദ്യ സിനിമയില്‍ തന്നെ നായകനായി ലഭിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധായകന്‍ മധു നാരായണന്‍. നാനയുമായുള്ള അഭിമുഖത്തിലാണ് മധു മനസ്സുതുറന്നത്. ഫഹദിന്റെ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി പല സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. ഫഹദിന്റെ അഭിനയസിദ്ധി എടുത്തുപറയേണ്ടുന്ന ഒരു കാര്യമാണ്. ഫഹദിനെ എന്റെ ആദ്യ സിനിമയില്‍ നായകനായി കിട്ടിയത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇത്തിരി നെഗറ്റീവ് ചുവയുള്ള നായകകഥാപാത്രമായിരുന്നിട്ട് കൂടി ഫഹദ് അഭിനയിക്കാന്‍ തയ്യാറായി എന്നുള്ളത് ഒരു വലിയ കാര്യം തന്നെയാണ്. മധു പറഞ്ഞു.

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്‌സിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്റ്റ് ചെയ്തിരുന്നു. നാലാഴ്ച കൊണ്ട് 14 കോടിരൂപയാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്.കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയെന്ന സവിശേഷതയും ‘കുമ്പളങ്ങി നൈറ്റ്‌സ്’ സ്വന്തമാക്കുകയാണ്.

ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണകമ്പനിയായ ‘വര്‍ക്കിങ്ങ് ക്ലാസ് ഹീറോ’യുടെ ആദ്യനിര്‍മ്മാണസംരംഭം കൂടിയാണ് ‘കുമ്പളങ്ങി നൈറ്റ്സ്’.