ജെ.എന്‍.യുവില്‍ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള പ്രശ്‌നം, അതിരുവിട്ടാല്‍ പൊലീസ് തല്ലിയോടിക്കണം, ദേശീയവിഷയമാക്കേണ്ടതില്ല:കങ്കണ റണാവത്

ജെ. എന്‍.യുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. ജെഎന്‍യുവിലേത് ഒരു ദേശീയ പ്രശ്‌നമല്ലെന്നും ഇത്തരം സംഭവങ്ങളെല്ലാം ക്യാംപസുകളില്‍ സര്‍വ്വ സാധാരണമാണെന്നും കങ്കണ അഭിപ്രായപ്പെട്ടു.

“ജെഎന്‍യുവില്‍ ഇപ്പോള്‍ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് മാത്രമാണ് എല്ലാ കോളേജുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഗ്യാങ്ങുകള്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടാല്‍ പൊലീസ് ഇടപെട്ട് അവരെ അടിച്ചോടിക്കണം. യൂണിവേഴ്സിറ്റിക്ക് അകത്ത് എബിവിപി എന്നും ജെഎന്‍യു എന്നും രണ്ട് വിഭാഗം ഉണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

എന്റെ കോളേജ് കാലഘട്ടത്തില്‍ ഒരു യുവാവിനെ ആള്‍ക്കൂട്ടം തല്ലിയോടിച്ചു കയറ്റിയത് ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ്. ഞങ്ങളുടെ ഹോസ്റ്റല്‍ മാനേജര്‍ ആണ് അന്ന് അയാളെ രക്ഷിച്ചത്. എനിക്ക് പറയാനുള്ളത് എന്തെന്നാല്‍ പുറത്തു നിന്നുള്ള ശക്തരായ ചിലരുടെ നിയന്ത്രണത്തില്‍ നടക്കുന്ന ഗ്യാങ്ങുകള്‍ തമ്മിലുള്ള പോരാട്ടമാണിത്. അതിരുവിട്ടാല്‍ പൊലീസ് ഇടപെടുകയും അവരെ അടിച്ചോടിക്കുകയും ചെയ്യണം . ഇത്തരക്കാരെ എല്ലാ ചേരികളിലും കോളേജുകളിലും കാണാം. ഇത്തരത്തിലുള്ള വിഷയങ്ങള്‍ ദേശീയ പ്രശ്നമാക്കരുത്. കാരണം അവ അത് അര്‍ഹിക്കുന്നില്ല.” കങ്കണ പറഞ്ഞു