ശരിക്കും പേടിച്ചു പോയി.. അനുവാദമില്ലാതെ കാരവാനില്‍ കയറി അയാള്‍ ഷര്‍ട്ട് അഴിച്ചുമാറ്റി..; വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍

കരിയറിന്റെ തുടക്കകാലത്ത് ഒരു ആരാധകന്‍ അനുവാദമില്ലാതെ കാരവാനില്‍കയറി തന്നെ പേടിപ്പിച്ചിട്ടുണ്ടെന്ന് നടി കാജല്‍ അഗര്‍വാള്‍. തന്റെ പുതിയ സിനിമയായ ‘സത്യഭാമ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കാജല്‍ ആരാധകരെ കുറിച്ചും സംസാരിച്ചത്.

”അജ്ഞാതനായ ഒരാള്‍ അനുവാദമില്ലാതെ കാരവാനില്‍ കയറി. തുടര്‍ന്ന് അയാള്‍ ഷര്‍ട്ട് അഴിച്ചുമാറ്റി, നെഞ്ചത്ത് എന്റെ പേര് ടാറ്റൂ ചെയ്തത് കാണിച്ചു തന്നു. എന്റെ വലിയൊരു ആരാധകനാണെന്നും പറഞ്ഞു. ആരുമില്ലാത്ത സമയത്ത് അങ്ങനെ ചെയ്തതിനാല്‍ ഞാന്‍ ഞെട്ടിപ്പോയി.”

”എനിക്ക് പേടിയായി. ഇയാളുടെ പ്രവര്‍ത്തിയെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ ഒരാളെ കാണാന്‍ വരാനുള്ള ശരിയായ മാര്‍ഗമല്ല ഇത് എന്ന് ഞാന്‍ അയാളോട് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു” എന്നാണ് കാജല്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, സത്യഭാമ സിനിമ ജൂണ്‍ 7ന് ആണ് റിലീസ് ചെയ്യുന്നത്.

അമ്മയായതിന് ശേഷം കാജല്‍ വീണ്ടും ഒരു ശക്തമായ റോളിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നടി ചിത്രത്തിലെത്തുന്നത്. സുമന്‍ ചിക്കല സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. നവീന്‍ ചന്ദ്ര, പ്രകാശ് രാജ്, നഗിനീഡു, ഹര്‍ഷ്വര്‍ധന്‍, രവി വര്‍മ, അങ്കിത് കൊയ്യ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Read more