'മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുപോലെ കൊണ്ടുപോകാന്‍ കഴിഞ്ഞത് ജോഷി സാറിന്റെ മിടുക്ക്; ഇങ്ങനെയൊരു സിനിമ മറ്റൊരിടത്ത് എടുക്കാന്‍ പറ്റില്ല: മധുപാല്‍

മലയാള സിനിമ ചരിത്രത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് ട്വന്റി 20. അമ്മ അസോസിയേഷന്‍ നിര്‍മ്മിച്ച സിനിമയില്‍ താരസംഘടനയിലെ നിരവധി പേരാണ് അഭിനയിച്ചത്. മള്‍ട്ടിസ്റ്റാര്‍ ചിത്രം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന സിനിമയാണ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളകഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് ട്വന്റി 20 ഉണ്ടാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മറ്റ് നടീനടന്മാരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരക്കഥയിലാണ് സംവിധായകന്‍ ജോഷി ട്വന്റി 20 എടുത്തത്. ഇപ്പോഴിതാ ഈ ചിത്രം സംവിധാനം ചെയ്യാനുള്ള ജോഷിയുടെ മിടുക്കിനെ കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. ജോഷി സാറിന്റെ മിടുക്ക് തന്നെയാണ് ട്വിന്റി 20യില്‍ പ്രകടമാവുന്നത്. ഇത്രയും ആക്ടേഴ്സിനെ വെച്ചുകൊണ്ട് ഒരാള്ക്ക് പോലും വലിപ്പ ചെറുപ്പങ്ങളുടെ ഏറ്റക്കുറിച്ചില്‍ ഇല്ലാതെ എറ്റവും രസകരമായിട്ട് ഓരോ ആക്ടേഴ്സിനും അവരുടെതായ പ്രാധാന്യം നിലനിര്‍ത്തികൊണ്ടുപോവുന്ന ഒരു ഫ്രെയിമിങ് ആയിരുന്നു ചിത്രത്തില്‍”.

“അവിടെയാണ് ഒരു ഡയറക്ടറുടെ മിടുക്ക് എന്ന് പറയുന്ന സാധനമുളളത്. കാരണം ഒരു സീനില്‍ വരുന്നത് മുഴുവനും വെര്‍സറ്റൈല്‍ ആക്ടേഴ്സാണ്. അപ്പോ അവരുടെ ഇമോഷന്‍സ്, റിയാക്ഷന്‍സ്, അവരുടെ ഡയലോഗ് പ്രസന്റേഷനില്‍ വരുന്ന കാര്യങ്ങള് ഇങ്ങനെയുളള സൂക്ഷ്മമായ ഡിറ്റൈയില്‍സ് ശ്രദ്ധിച്ചുകൊണ്ടാണ് ജോഷി സാറ് ആ സിനിമ ചെയ്യുന്നത്. അപ്പോ ഒരാള്‍ക്ക് കൂടി, ഒരാള്‍ക്ക് കുറഞ്ഞു എന്നുളള എലമെന്റസ് അവിടെ ഇല്ല”.

“മലയാള സിനിമയിലെ രണ്ട് പില്ലേര്‍സ് ആയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ചുളള ഇന്റര്‍വെല്‍ പഞ്ചാക്കെ വളരെ കൃത്യമായിട്ട് കാണാം. കാണണമെന്ന് പറയുന്ന ആ ഒരു പോഷനൊക്കെ ഉണ്ടാക്കിയെടുക്കുന്നത്, ശരിക്കും ലോകത്ത് ഇങ്ങനെയൊരു സിനിമ മറ്റൊരിടത്ത് എടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങനെയൊരു ഫിലിം മേക്കറിനെ ഇതിനൊക്കെ സാധിക്കൂ”.

“ഇങ്ങനെയൊരു ഗ്രാഫുണ്ടാക്കിയത് എങ്ങനെയാണെന്ന് അല്‍ഭുതത്തോടെ കണ്ടിട്ടുളള ആളാണ് ഞാന്‍. ആ മനുഷ്യന്‍ നല്ല പോലെ ആലോചിച്ച് ചെയ്ത ചിത്രമായിരുന്നു ട്വന്റി 20. സിനിമകള്‍ ധാരാളമായി കാണാറുളള സംവിധായകനാണ് ജോഷി സാറ്. മറ്റുളള ആളുകളുടെ സിനിമകളും കാണാറുണ്ട്”, മധുപാല്‍ പറഞ്ഞു