'ഓഡിഷനില്‍ സെലക്ട് ആയി സിനിമയ്ക്ക് ഫണ്ട് വേണമെന്ന് പറഞ്ഞു, എന്നെപ്പോലെ ലക്ഷങ്ങള്‍ കൊടുത്തവരുണ്ട്'; ചതിക്കപ്പെട്ടെന്ന് നടന്‍ ജോമോന്‍

സിനിമയില്‍ ചാന്‍സ് കിട്ടുമെന്ന പ്രതീക്ഷയില്‍ ചതിയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ജോമോന്‍ ജ്യോതിര്‍. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് സിനിമയായ നരസിംഹത്തിന്റെ സ്പൂഫ് കോമഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജോമോന്‍. ഗൗതമന്റെ രഥം, സാറാസ്, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും ജോമോന്‍ അഭിനയിച്ചിട്ടുണ്ട്.

അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ഓഡിഷന് പോയതും പണം നഷ്ടമായതിനെ കുറിച്ചുമാണ് ജോമോന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് എറണാകുളത്ത് ഓഡിഷന് ചെന്നത്. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യം.

ചെന്ന് ഓഡിഷന്‍ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അവര്‍ വിളിച്ചു. സെലക്ട് ആയിട്ടുണ്ടെന്നു പറഞ്ഞു. പിന്നീടാണ് ചിത്രത്തിലേക്ക് കുറച്ച് ഫണ്ട് വേണം അത് മുന്‍കൂര്‍ തരണം എന്നു പറഞ്ഞു. അങ്ങനെ താന്‍ വീട്ടില്‍ നിന്നും നാല്‍പ്പതിനായിരം രൂപ വാങ്ങി കൊടുത്തു.

ഇത് പറ്റിപ്പാണെന്ന് അച്ഛനും അമ്മയും അപ്പോഴേ പറഞ്ഞതാണ്. താന്‍ കേട്ടില്ല. സിനിമ മാത്രമായിരുന്നു മനസില്‍. അത്ര കണ്‍വിന്‍സിംഗ് ആയാണ് അവര്‍ സംസാരിച്ചിരുന്നത്. തന്നെപ്പോലെ അതില്‍ അഭിനയിച്ച പലരില്‍ നിന്നും ഇതേ പോലെ പണം വാങ്ങിയിരുന്നു. അക്കൂട്ടത്തില്‍ ലക്ഷങ്ങള്‍ കൊടുത്തവരുണ്ട്.

ഷൂട്ട് തുടങ്ങിയപ്പോഴേ ഇത് ഉഡായിപ്പാണെന്ന് തോന്നിയിരുന്നു. ഒരു ലോക്കല്‍ ക്യാമറയൊക്കെ വച്ച് എന്തൊക്കെയോ ചെയ്തു. ഒടുവില്‍ ഷൂട്ടിംഗ് നിര്‍ത്തി അവര്‍ പോയി. ശേഷം ഒരു വിവരവുമില്ല. വിളിച്ചിട്ടും കിട്ടുന്നില്ല. താന്‍ ആകെ തകര്‍ന്നു പോയി എന്നാണ് ജോമോന്‍ പറയുന്നത്.