ഈ വേഷം മമ്മൂക്ക ചെയ്താല്‍ നന്നാകില്ലേ എന്നായിരുന്നു ജോജിയുടെ ചോദ്യം, പക്ഷേ; വെള്ളിമൂങ്ങയില്‍ ബിജുമേനോന്‍ എത്തിയ വഴി, തുറന്നുപറഞ്ഞ് ജിബു ജേക്കബ്

ബിജു മേനോന്‍ നായകനായി തിരിച്ചെത്തിയ സിനിമയായിരുന്നു ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ. ചിത്രത്തില്‍ മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരനായി മികച്ച പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവച്ചത്. തുടക്കത്തില്‍ ഈ ചിത്രത്തില്‍ ബിജുവിനൊപ്പം അഭിനയിക്കാന്‍ പലരും തയ്യാറായിരുന്നില്ല എന്നാണ് മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജിബു ജേക്കബ് പറയുന്നത്.

‘ഇത്, മമ്മൂക്ക ചെയ്താല്‍ നന്നാകില്ലേ എന്നായിരുന്നു ജോജി ചോദിച്ചിരുന്നത്. എന്നാല്‍ പുതുമ തോന്നണമെന്നതിനാല്‍ മറ്റൊരാളായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി. എന്റെ മനസില്‍ ബിജു തന്നെയായിരുന്നു. ഓര്‍ഡിനറിയൊക്കെ കഴിഞ്ഞു നില്‍ക്കുകയായിരുന്നു ബിജു അപ്പോള്‍. ബിജുവിനെ നായകനാക്കുന്നതില്‍ ജോജിയ്ക്ക് സംശയമുണ്ടായിരുന്നു.

പ്രൊജക്ട് ആക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും പക്ഷെ വര്‍ക്കാകും എന്ന് എനിക്ക് തോന്നി. ബിജുവിനോട് കഥ പറഞ്ഞു. രണ്ട് മണിക്കൂര്‍ കൊണ്ടാണ് പറഞ്ഞത്. ബിജു ഇടയ്ക്കൊക്കെ ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതൊക്കെ ബിജുവിന് കണക്ടായിരുന്നു. അങ്ങനെ ഈ സിനിമ ചെയ്യാം എന്ന് ബിജു സമ്മതിക്കുകയായിരുന്നു. ഒരുപാട് പേരോട് കഥ പറഞ്ഞിട്ടുണ്ട്. പലരും കഥ മുഴുവന്‍ കേള്‍ക്കും മുമ്പ് തന്നെ വേണ്ടെന്ന് പറഞ്ഞിരുന്നു. കഥയുടെ ഫ്രെഷ്നസ് അവര്‍ക്കൊന്നും മനസിലായിരുന്നില്ല. ഒരുപാട് നിര്‍മ്മാതാക്കളേയും കണ്ടിരുന്നു. ഒന്നര വര്‍ഷം പലരേയും കണ്ടു.

ബിജു, അജു, ടിനി ടോം ഇവര്‍ മൂന്ന് പേര്‍ക്കും ആ പ്രൊജക്ടില്‍ വിശ്വാസമുണ്ടായിരുന്നു. അവര്‍ കട്ടയ്ക്ക് നിന്നിരുന്നു. ഓര്‍ഡിനറിയാണ് അന്ന് ബിജുവിന് സ്വന്തമായി മാര്‍ക്കറ്റില്ല. ഹീറോയുടെ കൂടെയുള്ള വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. ഇതിന് ശേഷമാണ് ഹീറോയായി മാറുന്നത്.