'രാത്രി ജനലിന്റെ സൈഡ്, അടുത്ത് റേഡിയോ, പുറത്ത് ചെറിയ നിലാവ്'; ശബ്ദരേഖയുടെ നൊസ്റ്റാള്‍ജിയയുമായി മറിയം വന്ന് വിളക്കൂതി

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരഭം “മറിയം വന്ന് വിളിക്കൂതി” നാളെ തിയേറ്ററുകളിലെത്തുകയാണ്. മലയാളത്തില്‍ ആദ്യമായി ശബ്ദരേഖ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. ശബ്ദരേഖ ഉപയോഗിച്ചതിന് പിന്നിലുള്ള കാര്യങ്ങള്‍ സൗത്ത് ലൈവിനോട് പങ്കുവച്ചിരിക്കുകയാണ് ജെനിത് കാച്ചപ്പിള്ളി.

“”സിനിമക്ക് വേണ്ടി ഇതുവരെ പ്ലാന്‍ ചെയ്തിരിക്കുന്നത് അധികം മലയാള സിനിമകളില്‍ പരീക്ഷിക്കാത്ത കുറേ കാര്യങ്ങളാണ്. പിക്ചര്‍ സ്റ്റോറി വച്ചിട്ടുള്ള പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. അടുത്തത് എന്ത് പുതുമയായിട്ട് ചെയ്യാമെന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് ശബ്ദരേഖ എന്ന ഐഡിയ വരുന്നത്. ശബ്ദരേഖ ഭയങ്കര നൊസ്റ്റാള്‍ജിയ ഉള്ള കാര്യമാണ്. സിനിമ നമ്മള്‍ കാണുന്നില്ലെങ്കിലും മനസില്‍ ഉണ്ടാക്കുന്ന ഒരു ഇമേജുണ്ട്. ശബ്ദരേഖ എന്ന് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു ഇമ്പ്രഷനുണ്ട്. ഒരു ജനലിന്റെ സൈഡില് രാത്രി, അടുത്ത് റേഡിയോ ഉണ്ട്, പുറത്ത് ചെറിയ നിലാവുണ്ട് ഇങ്ങനെയൊരു ഫീലാണ്. ഇത്തിരി കുശമ്പും കുസൃതിയിമൊക്കെയുള്ള സിനിമയാണെങ്കിലും നമ്മുടെ സിനിമേടെ ഒരു പോര്‍ഷന്‍ ശബ്ദ രേഖയിലൂടെ പ്രസന്റ് ചെയ്യാമെന്ന് തോന്നി.””

“”ശബ്ദരേഖ എന്നതിന്റെ നൊസ്റ്റാള്‍ജിയയും ഫീലും ആളുകള്‍ക്ക് കൊടുക്കുക, അതിലൂടെ നമ്മളുടെ സിനിമയും എത്തിക്കുക. ശബ്ദരേഖയുടെ സാധ്യത ഉപയോഗിക്കുക എന്റെയൊരു ഡ്രീം കൂടി ആയിരുന്നു”” എന്ന് ജെനിത് വ്യക്തമാക്കി. സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം എന്നിവരാണ് മറിയം വന്ന് വിളക്കൂതിയിലെ കേന്ദ്രകഥാപാത്രങ്ങള്‍.