അതിനെന്താണ്, പാര്‍വതി ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ: ജയറാം

പാര്‍വതിയുടെ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് സൂചന നല്‍കി നടനും ഭര്‍ത്താവുമായ ജയറാം. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജയറാം മനസ്സ് തുറന്നത്. മലയാളികള്‍ക്ക് ജയറാമും പാര്‍വതിയും ഒന്നിക്കുന്ന ഒരു സിനിമ കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അത് താന്‍ എങ്ങനെയാണ് പറയുകയെന്നും അങ്ങനെയൊരു നല്ല കഥയുമായി ആരെങ്കിലും വരട്ടെ, നോക്കാമെന്നായിരുന്നു ജയറാമിന്റെ മറുപടി.

പാര്‍വതി അപ്പോള്‍ സിനിമയിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യത്തിന്, ‘അതിനെന്താണ് പാര്‍വതി ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടേയില്ലല്ലോ’ എന്നായിരുന്നു ജയറാമിന്റെ മറുപടി. ജയറാം- പാര്‍വതി- കാളിദാസ് കോംമ്പോ കാണാന്‍ സിനിമാ ആരാധകര്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് അത് അറിയില്ലെന്നും അങ്ങനെ ഒരു കഥയുമായി ഇതുവരെ ആരും എത്തിയിട്ടില്ലെന്നുമായിരുന്നു ജയറാം പറഞ്ഞത്.

സിനിമയിലെ പോലെ തന്നെ ജീവിതത്തിലും വളരെ കൂളായി ഇരിക്കുന്ന ആളാണോ ജയറാം എന്ന ചോദ്യത്തിന് നമ്മുടെ പ്രസന്‍സ് ഒരാളെ ബോറടിപ്പിക്കരുത് എന്നുണ്ടെന്നും ഒരാള്‍ക്കെങ്കിലും സന്തോഷം നല്‍കുകയാണെങ്കില്‍ അതാണ് ഏറ്റവും വലിയ കാര്യമെന്നുമായിരുന്നു ജയറാമിന്റെ മറുപടി.