'വിജയ് സിനിമയിൽ തുടരുന്നതായിരുന്നു നല്ലത്, നിരപരാധികളായ ആളുകളുടെ മരണത്തിൽ അദ്ദേഹം തകർന്നുപോയിട്ടുണ്ടാകും'; നടി വിനോദിനി

നടനും ടിവികെ നേതാവുമായ വിജയ് സിനിമയിൽ തുടരുന്നതായിരുന്നു നല്ലതെന്ന് നടി വിനോദിനി വൈദ്യനാഥൻ. കരൂരിൽ തടിച്ചുകൂടിയ നിരപരാധികളായ ആളുകളുടെ മരണത്തിൽ വിജയ് തകർന്നുപോയിട്ടുണ്ടാകുമെന്നും വിനോദിനി പറഞ്ഞു. അതേസമയം സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്ന് പറഞ്ഞ വിനോദിനി നിരപരാധികളുടെ മരണത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കാതെ അവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരാമെന്നും കൂട്ടിച്ചേർത്തു.

തമിഴ്നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘വിജയ് സാറിനെ എനിക്ക് വളരെ ഇഷ്‌ടമാണ്. ‘ജില്ല’യിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു നടൻ മാത്രമായിരുന്നപ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾ അദ്ദേഹത്തോട് വളരെയധികം സ്നേഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം സിനിമാ മേഖലയിലെ തർക്കമില്ലാത്ത നേതാവായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടി വന്നത്? നിരപരാധികളായ നിരവധി ആളുകളുടെ മരണത്തിൽ അദ്ദേഹം ശരിക്കും തകർന്നുപോയെന്ന് എനിക്ക് ഉറപ്പുണ്ട്.

വിജയ് എനിക്ക് സഹോദരനെപോലെയാണ്. ഇപ്പോൾ അദ്ദേഹത്തിന് കിട്ടുന്ന വെറുപ്പ് കണ്ടിട്ട് അത് വ്യക്‌തിപരമാണെന്നാണ് തോന്നുന്നത്. ഹൃദയം കൊണ്ട് നല്ല വ്യക്‌തിയാണ് വിജയ്. പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ ഞാൻ തയാറല്ല. കരൂരിൽ മരിച്ച നിരപരാധികളായ മനുഷ്യരെ ഓർത്ത് ദുഃഖമുണ്ട്.

പക്ഷേ ഇതുകൊണ്ട് ഒരിക്കലും അദ്ദേഹം മനസ്സ് മടുത്തുപോകരുത്. ദയവായി ഈ സംഭവം രാഷ്ട്രീയവൽക്കരിക്കരുത്. ഈ നിരപരാധികളുടെ മരണത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കാതെ അവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരാം.’ എന്നാണ് വിനോദിനി പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം ‘ജില്ല’ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹനടിയായിരുന്ന വിനോദിനി, ‘ആണ്ടവൻ കട്ടലൈ’, ‘പൊന്നിയിൻ സെൽവൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തയാണ്.

Read more