'ഭീഷണി എന്നോട് വേണ്ട', വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇര്‍ഷാദ്

വിടി ബല്‍റാമിനെക്കുറിച്ച് ഇന്നലെ നടത്തിയ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമാകുകയും അദ്ദേഹത്തിനെതിരെ വലതുപാളയത്തില്‍നിന്ന് ഭീഷണികള്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ തന്‍റെ നിലപാട് വീണ്ടും ആവര്‍ത്തിക്കുകയാണ് നടന്‍ ഇര്‍ഷാദ്.

ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്കവിടെ അഭിപ്രായ സ്വാതന്ത്രം വേണം. ഒന്നും കണ്ടില്ല, ഒന്നും കേട്ടില്ല എന്നു പറഞ്ഞ് നില്‍ക്കേണ്ടവരല്ല. എന്റെ വഴി, എന്റെ കുട്ടികള്‍, എന്റെ ജീവിതം, എന്റെ സിനിമ എന്നു വിചാരിക്കുന്നയാളല്ല ഞാന്‍. എനിക്ക് ജീവിക്കണം. അതിനൊപ്പം എന്റെ സമൂഹത്തിനു കെട്ടറുപ്പുണ്ടാകണം എന്നാണ് എന്റെ താത്പര്യം.

ഞാനൊരു നടനാണോ എന്നതൊന്നുമല്ല ഇവിടുത്തെ പ്രശ്‌നം, ആരേക്കുറിച്ചും എന്തും പറയാം എന്നതു എങ്ങനെയും ഏതു ചരിത്രത്തെയും വളച്ചൊടിയ്ക്കാമെന്നുമുള്ള തോന്നല്‍ അവസാനിപ്പിയേക്കണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ഒന്നിനെയും ഭയിക്കുന്നില്ല. ഒരു നടന്‍ എന്ന നിലയില്‍ എന്റെ തൊഴില്‍ മേഖല സിനിമയാണ്, ആ രംഗത്ത് ഞാനിങ്ങനെയൊരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ സിനിമയില്‍ നിന്ന് ആരും എന്നെ പുറത്താക്കുകയില്ലെന്ന വിശ്വാസമുണ്ട്. സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും ബാധ്യതയുണ്ട്, ഉത്തരവാദിത്തമുണ്ട്. ആ നിലയ്ക്ക് ഞാന്‍ എന്റെ കടമയാണ് ചെയ്തത്. ഞാന്‍ ആരെയും ഭയക്കുന്നില്ല. എന്തു ഭീഷണി വന്നാലും അതു നേരിടാന്‍ ഒരുക്കമാണ്. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ പ്രതികരണം ജനങ്ങളിലേക്ക് എത്തുമെന്നാണ് ഞാന്‍ കരുതുന്നത്.

ഭീഷണി കൊണ്ടൊന്നും എന്നെയന്നല്ല, ഒരാളുടെയും വായ് അടയ്പ്പിക്കാന്‍ കഴിയുമെന്നു ആരും കരുതേണ്ട. പറയാനുള്ളത് ഇനിയും ഞാന്‍ പറയുക തന്നെ ചെയ്യും.

കഴിഞ്ഞ ദിവസം ഇര്‍ഷാദ് പ്രതികരിച്ചതിന്‍റെ വീഡിയോ കാണാം.