മമ്മൂക്ക നല്‍കിയത് വലിയ ബഹുമതിയെന്ന് ഇനിയ; ‘ഒരാളുടെ പ്രകടനം മനസ്സില്‍ പിടിച്ചാല്‍ മാത്രമേ അദ്ദേഹം അങ്ങനെ ചെയ്യാറുള്ളൂ’

പുത്തന്‍പണം എന്ന ചിത്രത്തിലൂടെയാണ് ഇനിയ മമ്മൂട്ടിയുടെ നായികയായെത്തിയത്. രഞ്ജിത്തിന്റെ പുത്തന്‍പണത്തിനുശേഷം ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിലാണ് ഇനിയ വീണ്ടുംമമ്മൂട്ടിയുടെ നായികയായെത്തുകയാണ്. ആനിയെന്ന കോട്ടയംകാരിയായാണ് ഇനിയ ചിത്രത്തിലെത്തുന്നത്.

അവിസ്മരണീയമായിരുന്നു പരോളില്‍ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയമെന്ന് ഇനിയ ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

‘തൃശൂരില്‍ നിന്ന് പാലയിലേയ്ക്ക് കുടിയേറിയ ആനി എന്ന കോട്ടയം അച്ചായത്തിയാണ് ഞാന്‍ ചിത്രത്തില്‍. കല്ല്യാണത്തിന് മുന്‍പ് ബ്ലൗസും പാവാടയുമെല്ലാം ധരിക്കുന്ന ഒരു തനി നാടന്‍ പെണ്‍കുട്ടി. അഭിനയത്തില്‍ മമ്മൂക്ക ഒരുപാട് സഹായിച്ചു. ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കി. ഷൂട്ടിങ്ങിലുടനീളം നല്ല പിന്തുണയായിരുന്നു. അതില്‍ ഞാനും മമ്മൂക്കയും തമ്മിലുള്ള ഒരു വാദപ്രതിവാദത്തിന്റെ സീനുണ്ട്. സ്വല്‍പം ദൈര്‍ഘ്യമേറിയ ഒരു വൈകാരിക സീനായിരുന്നു അത്. ഷൂട്ടിങ്ങിനിടെ എന്റെ ഒരുപാട് ക്ലോസപ്പ് ഷോട്ടുകള്‍ എടക്കാന്‍ പറഞ്ഞു. പിന്നെ ഇടയ്ക്ക് സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി സ്വയം സംവിധാനം ചെയ്യാനും തുടങ്ങി. ഒരാളുടെ പ്രകടനം മനസ്സില്‍ പിടിച്ചാല്‍ മാത്രമേ അദ്ദേഹം അങ്ങനെ ചെയ്യാറുള്ളൂവെന്ന് സെറ്റിലുള്ളവര്‍ എന്നോട് പറഞ്ഞു. അതൊരു വലിയ ബഹുമതിയായി എനിക്ക് തോന്നി’-ഇനിയ പറഞ്ഞു.

ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ കാലകേയനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രഭാകറാണ് വില്ലന്‍വേഷത്തിലെത്തുന്നത്. അജിത് പൂജപ്പുര തിരക്കഥയെഴുതിയ ചിത്രം അടുത്ത വര്‍ഷമാവും തിയ്യേറ്ററുകളില്‍ എത്തുക.