കാശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല: സായി പല്ലവി

കാശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് നടി സായി പല്ലവി. മതങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. മതങ്ങളുടെ പീരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സായി പറഞ്ഞു.

‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കോവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സായി പല്ലവി പറഞ്ഞു.

വിരാട പര്‍വ്വമാണ് റിലീസിന് തയ്യാറെടുക്കുന്ന സായി പല്ലവിയുടെ പുതിയ ചിത്രം. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാട്ടി നായകനാകുന്ന ചിത്രം വേണു ഉഡുഗുളയാണ് സംവിധാനം ചെയ്യുന്നത്.

നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജൂലൈ 1 ന് തീയേറ്ററുകളില്‍ എത്തും.