എനിക്ക് വീണ്ടും തെറ്റിയോ? വേറെ വല്ല ഭാഷയിലും സിനിമ ചെയ്താല്‍ മതിയായിരുന്നു'; പ്രേക്ഷകരോട് ഇളയരാജ സംവിധായകന്‍ മാധവ് രാംദാസന്‍

2011ല്‍ പുറത്തിറങ്ങിയ “മേല്‍വിലാസം” എന്ന ചിത്രത്തിലൂടെയാണ് മാധവ് രാംദാസന്‍ എന്ന സംവിധായകനെ മലയാളി പരിചയപ്പെടുന്നത്. പിന്നീട് സംവിധാനം ചെയ്ത അപ്പോത്തിക്കിരിയും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റി. മാധവ് രാംദാസന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് “ഇളയരാജ”. ഗിന്നസ് പക്രു നായകനായെത്തിയ ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളില്‍ ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും പിന്നീട് സ്വീകാര്യത ലഭിക്കാത്തതിന്റെ വേദന സംവിധായകന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.

തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വിറ്റ് ഉപജീവനം നടത്തുന്ന വനജനും അയാളുടെ കുടുംബവുമാണ് “ഇളയരാജ”യിലെ കേന്ദ്രകഥാപാത്രങ്ങള്‍. തികച്ചും സാധാരണക്കാരനായ വനജന്റെ ജീവിതവും അതിനിടയില്‍ വെറുമൊരു നേരമ്പോക്കിനായി അയാള്‍ കളിച്ചിരുന്ന ചെസ് എന്ന കളി, എങ്ങിനെ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നുവെന്നുമാണ് ചിത്രം പങ്കുവെയ്ക്കുന്നത്.

മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് സംഭാഷണമൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് സജിത്ത് കൃഷ്ണയും ജയരാജ് ടി കൃഷ്ണനും ചേര്‍ന്നായിരുന്നു. ഗിന്നസ് പക്രുവിനെ കൂടാതെ ഗോകുല്‍ സുരേഷ്, ഹരിശ്രീ അശോകന്‍, അരുണ്‍, ജയരാജ് വാര്യര്‍, മാസ്റ്റര്‍ ആദിത്യന്‍, അനില്‍ നെടുമങ്ങാട്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.