'എന്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചിട്ടില്ല, ജീവിതത്തിൽ സംഭവിച്ചതെല്ലാം വിസ്മയം'; മോഹൻലാൽ

തന്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചിട്ടില്ലെന്ന് മോഹൻലാൽ. മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വിസ്മയമായാണ് കണക്കാക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ല. ഒരു കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. പ്രേക്ഷകരാണ് തന്നെ സിനിമാ നടനാക്കിയതും 48 വർഷമായി കൊണ്ടുനടന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. തന്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചിട്ടില്ലെന്നും കാരണം അവർക്ക് അവരുടേതായ സ്വകാര്യതയും ലക്ഷ്യങ്ങളുമുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

May be an image of one or more people and text that says "su JU HaHIM"

മോഹൻലാലിൻറെ വാക്കുകൾ

‘വർഷങ്ങൾക്കുമുൻപ് ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്നതിനേക്കുറിച്ച് ആലോചിക്കുകയാണ്. അന്നൊന്നും ഇതുപോലെയുള്ള ചടങ്ങുകളൊന്നുമില്ല. അഭിനയിക്കാൻ വരുന്നു, അഭിനയിക്കുന്നു. എന്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചിട്ടില്ല. കാരണം അവർക്ക് അവരുടേതായ സ്വകാര്യതയും ലക്ഷ്യങ്ങളുമുണ്ട്. അതിനെല്ലാം സമ്മതിച്ചയാളാണ് ഞാൻ. വളരെക്കാലത്തിനുശേഷം അപ്പുവിന് ഒരു സിനിമയിൽ അഭിനയിക്കാൻ തോന്നി. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി മികച്ച നടനുള്ള സമ്മാനം ലഭിച്ചത്. അതുപോലെയാണ് അപ്പുവും. അപ്പു ആറാം ക്ലാസിൽ പഠിക്കുമ്പോഴും പത്താം ക്ലാസിൽ പഠിക്കുമ്പോഴും ബെസ്റ്റ് ആക്ടറായി. മായ സ്കൂളിൽ ഒരുപാട് നാടകങ്ങളിൽ അഭിനയിക്കുകയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല. ഒരു കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. പ്രേക്ഷകരാണ് എന്നെ സിനിമാ നടനാക്കിയതും 48 വർഷമായി കൊണ്ടുനടന്നതും.

വിസ്മയ എന്നാണ് മകൾക്ക് പേരിട്ടത്. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വിസ്മയമായാണ് കണക്കാക്കുന്നത്. സിനിമയിൽ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സിനിമയിൽ അഭിനയിക്കണമെന്ന് മായ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഒരാഗ്രഹം പറയുമ്പോൾ നമുക്ക് അതിനെല്ലാ സൗകര്യങ്ങളുമുണ്ട്. നല്ലൊരു തിരക്കഥ കിട്ടിയപ്പോൾ മായ അഭിനയിക്കാൻപോകുകയാണ്. സിനിമയിൽ അഭിനയിക്കുന്നത്‌ ഒരു ഭാഗ്യമാണ്. ഒരു വാക്ക് എന്നതിലുപരി നമുക്കൊപ്പം സഞ്ചരിക്കുന്ന ഒരുപാട് ആളുകളുണ്ടാവണം. എനിക്കൊപ്പം അങ്ങനെ ഒരുപാട് പേരുണ്ടായിട്ടുണ്ട്. എത്ര നല്ല അഭിനേതാവാണെങ്കിലും അയാൾക്കൊരു പ്ലാറ്റ്ഫോം കിട്ടണം. നല്ല ചിത്രങ്ങൾ കിട്ടണം. കൂടെ അഭിനയിക്കുന്ന ആളുകളും നന്നാവണം. വിസ്മയയ്ക്ക് അങ്ങനെയൊരു ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപ്പുവിന്റെ പുതിയ സിനിമ റിലീസാവുകയാണ്. ഇതെല്ലാം അവിചാരിതമായി നടന്ന കാര്യങ്ങളാണ്. രണ്ടുപേർക്കും അച്ഛനെന്ന നിലയിലും നടനെന്ന നിലയിലും ആശംസകളർപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ആന്റണിയുടെ വലിയ ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയിലെത്തണമെന്നത്. അതൊക്കെ അവരുടെ ഇഷ്ടമാണെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. അവർക്ക് കഴിവുതെളിയിച്ച് മുന്നോട്ടുപോകാനുള്ള ഇന്ധനമായാണ് എനിക്ക് പ്രവർത്തിക്കാനാവുക’

Read more