“നെറ്റ്ഫ്‌ളിക്‌സിനോട് എനിക്കെന്ത് ശത്രുത? പക്ഷേ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് സ്‌ക്രീനില്‍ സിനിമ സൃഷ്ടിക്കുന്ന മായാജാലം കാണാനാവുക”

നെറ്റ്ഫ്ളിക്സിനോട് തനിക്ക് യാതൊരു ശത്രുതയുമില്ലെന്ന് വിശ്വ വിഖ്യാത സംവിധായകന്‍ പെദ്രോ അല്‍മൊദോവര്‍. പക്ഷേ സിനിമ വലിയ സ്‌ക്രീനുകളില്‍ (തിയേറ്ററില്‍) പ്രദര്‍ശിപ്പിക്കുന്നതിനോടാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അപരിചിതരായ ആളുകള്‍ നിറഞ്ഞ സദസ്സില്‍ ഇരുട്ടില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് സ്‌ക്രീനില്‍ സിനിമയുടെ മായാജാലം അനുഭവിച്ചറിയാന്‍ സാധിക്കുക. ഓരോ വ്യക്തികളും അത്തരമൊരു സാഹചര്യത്തില്‍ ഇരുന്ന് ചലച്ചിത്രത്തെ സ്വീകരിക്കുന്ന അനുഭവം വ്യത്യസ്തമായിരിക്കുമെന്നും അല്‍മൊദോവര്‍ പറഞ്ഞു.

പുതിയ ചിത്രമായ ‘പെയിന്‍ ആന്റ് ഗ്ലോറി’യെ കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് നെറ്റ്ഫ്ളിക്സ് കാഴ്ചാനുഭവത്തെ ചോര്‍ത്തിക്കളയുന്നതായി അല്‍മൊദോവര്‍ അഭിപ്രായപ്പെട്ടത്.

ടിവിയിലും മൊബൈലിന്റെ ചെറിയ സ്‌ക്രീനിലും കാണുമ്പോള്‍ ഏകാഗ്രതയും താത്പര്യവും കാഴ്ചക്കാരനില്‍ കുറയാന്‍ സാധ്യതയുണ്ട്. ഓസ്‌കര്‍ ലഭിച്ച ചിത്രമായ ‘റോമ’ ടിവിയിലും തിയേറ്ററിലും കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററിലെ വലിയ സ്‌ക്രീനില്‍ കാണുമ്പോഴുള്ള സന്തോഷവും ആനന്ദവും ടിവിയില്‍ നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.