ഞാന്‍ മുന്നിലൂടെ നടന്നുപോയാല്‍ എന്തു തോന്നും! മാന്യമായി മറുപടി നല്‍കിയവരെ ആ അവതാരക വിടാന്‍ ഭാവമില്ലായിരുന്നു, എന്തിനാണ് ഈ പരിഹാസം: ഹണി റോസ്

അടുത്ത കാലത്തായി ഏറ്റവുമധികം സൈബര്‍ ആക്രമണത്തിന് ഇരയായ താരമാണ് ഹണി റോസ്. തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിംഗിനോട് ഹണി പ്രതികരിച്ചിട്ടുണ്ട്. അഭിമുഖങ്ങളില്‍ പോലും തന്നെ പരാമര്‍ശിച്ചു കൊണ്ട് ബോഡി ഷെയ്മിംഗ് നടത്തുന്നതിനെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഹണി റോസ് ഇപ്പോള്‍.

അടുത്തിടെ ‘ഖാലി പേഴ്സ്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസനോടും സോഹന്‍ സീനുലാലിനോടും അവതാരകയായ പെണ്‍കുട്ടി ഹണി റോസിനെ കുറിച്ചൊരു ചോദ്യം താരങ്ങളോട് ചോദിച്ചിരുന്നു. ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്ത് തോന്നുമെന്നായിരുന്നു ആ ചോദ്യം.

ഈ ചോദ്യത്തെ കുറിച്ചാണ് ഹണി സംസാരിച്ചത്. ”ആ ചോദ്യം ഒരു പെണ്‍കുട്ടി ചോദിച്ചു എന്നതാണ് എന്നെ ഞെട്ടിക്കുന്നത്. ശരിക്കും അത് എന്നെ അതിശയപ്പെടുത്തി. ആ അഭിമുഖത്തില്‍ അതിഥികളായി എത്തിയ രണ്ടുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.”

”എന്നാല്‍ അവതാരക ചോദ്യം വിടാനുള്ള ഉദ്ദേശമില്ലായിരുന്നു. അത് അങ്ങനെയല്ല എന്ന് വരുത്തി തീര്‍ക്കാനായി ചിരിയിലൂടെയും ആംഗ്യത്തിലൂടെയുമെല്ലാം ആ പെണ്‍കുട്ടി എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു. എന്ത് സന്തോഷമാണ് ഇതില്‍ നിന്നവര്‍ക്ക് ലഭിക്കുന്നത്.”

”ഇനി എന്നെങ്കിലും അതേ അവതാരക എന്നെ ഇന്റര്‍വ്യൂ ചെയ്യുകയാണെങ്കില്‍ ആദ്യ ചോദ്യം തന്നെ, ബോഡി ഷെയ്മിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നാകും. ഒരാളുടെ ശരീര ഭാഗങ്ങളെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയാനും അതിനെ കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കാനും ഒരാള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്.”

”ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. എന്തിനാണ് ഇത്തരത്തിലുള്ള പരിഹാസങ്ങള്‍. ഒരു ചാനലിലെ കോമഡി ഷോയിലും എന്റെ ശരീരത്തെ കളിയാക്കിക്കൊണ്ട് സ്‌കിറ്റ് ചെയ്യുന്നത് കണ്ടു. കൂടെയുള്ള ഒരു പെണ്‍കുട്ടിയെയാണ് അപഹസിക്കുന്നത് എന്നോര്‍ക്കാതെയാണ് അവര്‍ അഭിനയിക്കുന്നത്. അത് കണ്ട് കുറെയാളുകള്‍ പൊട്ടിച്ചിരിക്കുന്നുണ്ട്.”

”അത് കണ്ടപ്പോള്‍ ശരിക്കും ഭയങ്കര ഷോക്കിംഗ് ആയി പോയി. ട്രോളുകളെല്ലാം ഒരുപാട് വേദനിപ്പിക്കാറുണ്ട്. കമന്റുകളെല്ലാം ആദ്യം വലിയ രീതിയില്‍ എന്നെ ബാധിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അത് ശീലമായി എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ് പറയുന്നത്.