താങ്കള്‍ ഇപ്പോഴാണോ ഇത് കാണുന്നത്; വ്യാജ സന്ദേശം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത ഹരിശ്രീ അശോകന് വിമര്‍ശനം, ഒടുവില്‍ പോസ്റ്റ് വലിച്ച് നടന്‍

വ്യാജ സന്ദേശം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത നടന്‍ ഹരിശ്രീ അശോകന് നേരെ ട്രോളുകളും വിമര്‍ശനവും . ഇന്ത്യന്‍ ദേശീയ ഗാനത്തെക്കുറിച്ച് മുമ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വ്യാജ സന്ദേശമാണ് നടന്‍ പങ്കുവെച്ചത്.’എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഏതാനം നിമിഷങ്ങള്‍ക്ക് മുന്‍പ് യുനസ്‌ക്കോയാല്‍ നമ്മുടെ ദേശീയ ഗാനം ജന ഗണ മന ലോകത്തെ മികച്ച ദേശീയ ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു’ എന്ന സന്ദേശമാണ് ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്.

തൊട്ടുപിന്നാലെ തന്നെ നടന് നേരെ വിമര്‍ശനങ്ങളുമായി നിരവധിപ്പേര്‍ രംഗത്തെത്തി. 2008-09 കാലഘട്ടം മുതല്‍ പ്രചരിക്കുനന് സന്ദേശമാണിത് എന്നും താങ്കള്‍ ഇപ്പോഴാണോ ഇത് കാണുന്നത് എന്നും പലരും ചോദിക്കുന്നു.

ഹരിശ്രീ അശോകന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് പങ്കുവെക്കുന്നത്. ‘കേശവന്‍ മാമന്‍ ഉണര്‍ന്നോ?’, ‘വേറെ ഒരു സുപ്രധാന അറിയിപ്പ് ഉണ്ട്. ഫ്രൂട്ടിയില്‍ എയിഡ്‌സ് രോഗി രക്തം കലര്‍ത്തിയിട്ടുണ്ട്. അതാരും കുടിക്കരുത്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.