ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിന്നു, 'യെസ്' പറഞ്ഞാല്‍ സന്തോഷം: ഹന്‍സിക

വിവാഹത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി ഹന്‍സിക ഇപ്പോള്‍. ഡിസംബര്‍ 4ന് ആണ് താരം വിവാഹിതയായത്. ഇതിനിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നടി ‘വില്ലന്‍’ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. താരം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിനൊപ്പം മോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ താന്‍ ആവേശത്തിലായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ പരിഭ്രമത്തില്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹം കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തി. മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് അമ്പരപ്പിച്ചു.

ഓരോ സീനും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന നടന്‍ അവയോരോന്നും അദ്ദേഹത്തിന്റേതാക്കി മാറ്റി. ഓരോ ഷോട്ട് കഴിയുമ്പോഴും താന്‍ അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരുന്നു, അദ്ദേഹത്തിന്റെ ‘യെസ്’ സന്തോഷിപ്പിക്കും എന്നാണ് ഹന്‍സിക പറയുന്നത്.

2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വില്ലന്‍. മോഹന്‍ലാല്‍, ഹന്‍സിക എന്നിവര്‍ക്കൊപ്പം വിശാല്‍, മഞ്ജു വാര്യര്‍, റാഷി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ വേഷമിട്ടിരുന്നു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.