ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു, എന്നാല്‍ ജനിച്ച് 15 ദിവസത്തിനുള്ളില്‍ അവള്‍ പോയി; മൂത്ത മകളെ കുറിച്ച് പക്രു

പരിമിതികളെ വെല്ലുവിളിച്ച് സിനിമാരംഗത്ത് തന്റെതായ ഇടം കണ്ടെത്തിയ താരമാണ് ഗിന്നസ് പക്രു. നടനായും സംവിധായകനായും നിര്‍മ്മാതാവായും താരം സിനിമയില്‍ സജീവമാണ്. ഭാര്യ ഗായത്രിക്കും മകള്‍ ദീപ്ത കീര്‍ത്തിക്കുമൊപ്പം യൂട്യൂബ് ചാനലിലും പക്രു എത്തുന്നുണ്ട്.

പ്രേക്ഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് പക്രു ഇപ്പോള്‍. പക്രുവിന്റെയും ഗായത്രിയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് ആദ്യത്തെ മകള്‍ മരിച്ചു പോയതിനെ കുറിച്ച് പക്രു തുറന്നു പറഞ്ഞത്.

”കല്യാണം കഴിഞ്ഞതിന് ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വലിയൊരു സന്തോഷ വാര്‍ത്ത ഉണ്ടാവുന്നത്. ഞങ്ങള്‍ക്കൊരു മകളുണ്ടായി എന്നതാണ് അത്. ഞങ്ങള്‍ രണ്ടാളെയും സംബന്ധിച്ച് വലിയ സന്തോഷം കിട്ടിയ കാര്യം ആയിരുന്നു.”

”പക്ഷേ ഈ ചോദ്യം പോലെ തന്നെ ആ മകളെ നഷ്ടപ്പെട്ടു എന്നതാണ് ഏറ്റവും വേദനയുണ്ടായ കാര്യം. ജനിച്ച് 15 ദിവസം കഴിഞ്ഞ് ആ മകള്‍ പോയി. ആ അവസ്ഥയെ ഞങ്ങളങ്ങ് തരണം ചെയ്തു. അതൊക്കെ എങ്ങനെയാണെന്ന് ഇപ്പോഴും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല” എന്നാണ് പക്രു പറയുന്നത്.

അതേസമയം, 2013ല്‍ റിലീസ് ചെയ്ത കുട്ടിയും കോലും ചിത്രമാണ് ഗിന്നസ് പക്രു സംവിധാനം ചെയ്ത സിനിമ. ഫാന്‍സി ഡ്രസ് ആണ് താരം നിര്‍മ്മിച്ച ചിത്രം. മിസ്റ്റര്‍ പവനായി 99.99, വീരപക്രു എന്നിവയാണ് താരത്തിന്റെതായി ഒടുവില്‍ ഒരുങ്ങിയ ചിത്രങ്ങള്‍.