അവര്‍ക്ക് ഞാന്‍ നല്ലൊരു നടിയാണെന്ന് തോന്നുന്നുണ്ടാവില്ല, അതായിരിക്കും വിളിക്കാത്തത്: വാല്യൂസ് കളഞ്ഞ് ഒന്നിനും തയ്യാറല്ലെന്ന് ഗായത്രി സുരേഷ്

എസ്‌കേപ്പ് എന്ന സിനിമയാണ് നടി ഗായത്രി സുരേഷിന്റേതായി എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. 2014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ്. പിന്നീട് 2015 ല്‍ ജമ്നപ്യാരി എന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും ഇത്രയും കാലത്തെ കരിയറിനെ കുറിച്ചുമെല്ലാം ഗായത്രി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ടി.വി കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

തനിക്കെതിരെ വന്ന ട്രോളുകള്‍ കാരണമായിരിക്കാം അവസരങ്ങള്‍ കിട്ടാതിരുന്നതെന്നും തന്നെ സിനിമയിലെടുത്താല്‍ അത് നെഗറ്റീവായിട്ട് സിനിമയെ ബാധിക്കുമെന്ന് കരുതി കാണുമെന്നും ഗായത്രി പറഞ്ഞു.

‘ആര്‍ക്കാണ് വലിയ സംവിധായകരുടെ ഒപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമില്ലാത്തത്. അവര്‍ക്ക് ഞാന്‍ നല്ലൊരു നടിയാണെന്ന് തോന്നുന്നുണ്ടാവില്ല, അതായിരിക്കാം എന്നെ സിനിമകളിലേക്ക് വിളിക്കാത്തത്. പക്ഷെ ഞാന്‍ ഷാഫി സാറിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ശിവയുടെ കൂടെയൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്,’ താരം കൂട്ടിച്ചേര്‍ത്തു.

തന്റെ വാല്യൂസ് കളഞ്ഞ് ഒന്നിന്നും താന്‍ തയ്യാറല്ലെന്നും ഒരുപാട് പേര്‍ കോംപ്രമൈസിന് തയ്യാറാണോയെന്ന് ചോദിക്കാറുണ്ട്, അതിനൊന്നും ഞാന്‍ തയ്യാറല്ലെന്നും നടി പറയുന്നു.