അവർ ആ ഒരു മൂഡിലേക്ക് വരുന്നത് അറിയാതെ ചിത്രീകരിച്ചതാണ്: ഗൗതം മേനോൻ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് എല്ലാക്കാലത്തും പ്രിയപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്നാണ് ഗൗതം മേനോൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ‘വിണ്ണൈത്താണ്ടി വരുവായ’. സിമ്പുവും തൃഷയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

വളരെ റിയലിസ്റ്റിക്കായ മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും സിനിമ പ്രേക്ഷകർക്കിടയിൽ ജെസിയും കാർത്തികും ഇന്നും ചർച്ചചെയ്യപ്പെടുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിയലിസ്റ്റികായ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. തൃഷയുടെയും ചിമ്പുവിന്റെയും റിഹേഴ്‌സലുകളാണ് കൂടുതൽ ചിത്രീകരിച്ചത് എന്നാണ് ഗൗതം മേനോൻ പറയുന്നത്.

“സത്യം പറഞ്ഞാൽ അവരുടെ റിഹേഴ്‌സലുകളാണ് ഞാൻ കൂടുതലും ക്യാപ്ചർ ചെയ്തിട്ടുള്ളത്. ടേക്കിന് മുൻപ് അവർ സംസാരിക്കുമ്പോൾ ഞാൻ ക്യാമറ ഓൺ ചെയ്തു‌ വെക്കും. അവർ ആ ഒരു മൂഡിലേക്ക് വരുന്നതും, അവർ ചെയ്യുന്നതുമെല്ലാം അതുപോലെ തന്നെ ഞാൻ സിനിമയ്ക്കായി പകർത്തിയെടുത്തിട്ടുണ്ട്.

അവരുടെ ചുറ്റുമുള്ളവരെയെല്ലാം മാറ്റി അവർ ഒന്നിച്ച് നിൽക്കുമ്പോഴേക്കും ഞങ്ങൾ റെഡിയായി നിൽക്കും. അപ്പോൾ നല്ല രീതിയിൽ അവരുടെ സീനുകൾ കിട്ടും. ‘വിണ്ണൈത്താണ്ടി വരുവായ’ സിനിമ മുഴുവനായും അങ്ങനെയെടുത്ത ചിത്രമാണ്. അത്തരം ഷോട്ടുകൾ എടുക്കുന്നതിനിടയിലായിരിക്കും സിമ്പുവും തൃഷയും ക്യാമറ ഓൺ ആയി കിടക്കുന്നത് കാണുക.

അപ്പോൾ, നിങ്ങൾ എന്താ കളിക്കുകയാണോ എന്നൊക്കെ അവർ ചോദിക്കും. എനിക്ക് അങ്ങനെ സിനിമ ചെയ്യാൻ ഒരുപാട് ഇഷ്‌ടമാണ്. അപ്പോൾ നമുക്ക് ഒറിജിനലായ ഒരു റോ വിഷ്വൽസ് കിട്ടും. അവർ രണ്ട് പേരും ഗംഭീര അഭിനേതാക്കളുമാണ്. അതും ഒരുപാട് ആ സിനിമയെ സഹായിച്ചിട്ടുണ്ട്. സിനിമയെ സംബന്ധിച്ച് കാസ്റ്റിങ് വളരെ പ്രാധാന്യമുള്ളതാണ്.

ഒരുപാട് കഷ്‌ടപ്പെട്ടിട്ടാണ് ഒരു സിനിമ സംഭവിക്കുന്നത്. എല്ലാം ഒന്നിച്ച് വന്ന് ചേർന്നാൽ മാത്രമേ അത് നടക്കുകയുള്ളൂ. അവസാനം ക്യാമറ റൺ ആവുമ്പോൾ അഭിനേതാക്കൾ പെർഫോം ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം. അതെല്ലാം ഈസിയായി സംഭവിക്കുമ്പോൾ നമ്മുടെ സിനിമയ്ക്കും അത് നന്നായി ഗുണം ചെയ്യും” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം മേനോൻ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് സംസാരിച്ചത്.