'പയ്യൻ കൊള്ളാമല്ലോ എന്നവർ പറഞ്ഞതിന് ശേഷമാണ് ഫഹദിനെ അവതരിപ്പിക്കുന്നത്'; ഫാസിൽ

ഇന്ന് തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടനാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ സിനിമ പ്രവേശനത്തെക്കുറിച്ച് പിതാവ് ഫാസിൽ പറ‍ഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഫഹദിനെ സിനിമയിലേയ്ക്ക് കൊണ്ടുവരണമെന്ന് താൻ ആ​ഗ്രഹിച്ചിരുന്നില്ല. പക്ഷേ വന്നതാണ്.

പൃഥ്വിരാജിനെ വെച്ച് സിനിമ ചെയ്യാണമെന്നായിരുന്നു താൻ ആ​ഗ്രഹിച്ചത്.  പക്ഷേ ആ സിനിമ നടന്നില്ല. പിന്നീട് താൻ മറ്റൊരു കഥ എഴുതി അതിൽ ഒരു പുതുമുഖത്തെ അന്വേഷിക്കുമ്പോഴാണ് ഫഹദിലേയ്ക്ക് എത്തുന്നത്. അന്ന് ഫഹദ് എസ് ബി കോളേജിൽ ബികോമിന് പഠിക്കുകയാണ്. അവൻ കോളേജിൽ പോകുന്നതും വരുന്നതും കണ്ടപ്പോൾ  അവൻ അ​ഗ്രഹിക്കുന്നത് കോളേജ് ലെെഫല്ല എന്ന് തനിക്ക് മനസ്സിലായി.

പിന്നീട് ഒരു ദിവസം തന്റെ സുഹൃത്തും ഫഹദിനെ സിനിമയിലേയ്ക്ക് കൊണ്ടുവരുന്നതിനെപ്പറ്റി സംസാരിച്ചു. അതിന് ശേഷം ഫഹദിന്റെ വീഡിയോ താൻ മോഹൻലാൽ അടക്കമുള്ള എല്ലാവരേയും കാണിച്ച് അവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് ഫഹദിനെ ആദ്യമായി സിനിമയിലവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. കെെയ്യത്തും ദൂരത്ത് എന്ന സിനിമയിലാണ് ഫഹദ് ആദ്യം അഭിനയിക്കുന്നത്.

ചിത്രം പരാജയപ്പെട്ടതോടെ ഫഹദ് പഠിക്കാൻ അമേരിക്കയിലേയ്ക്ക് പോയി അന്ന് എല്ലാവരും തന്നോട് ചോദിച്ചതാണ് സിനിമ പരാജപ്പെട്ടതുകൊണ്ടാണോ ഫഹദിനെ നാടുകടത്തിയതെന്ന്. അല്ല എന്നായിരുന്നു താൻ പറ‍ഞ്ഞ മറുപടി. അവൻ തിരിച്ച് വരുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും അതുപോലെ സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.