ആ ഒരേയൊരു കാരണം കൊണ്ടാണ് അന്ന് ഫഹദിനോട് ഞാന്‍ നോ പറഞ്ഞത്: ലാല്‍ ജോസ്

സ്റ്റാര്‍ഡം ഇല്ലാതിരുന്ന കാലത്താണ്  ഫഹദ് ഫാസിലിനെ തന്റെ സിനിമയില്‍ ഹീറോ ആക്കിയതെന്നും ഒരു വാണിജ്യ സിനിമയില്‍ അത്തരം ഒരു ശ്രമം നടത്തിയത് ഫഹദ് ഫാസില്‍ എന്ന നടനിലുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്നും സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സംവിധായകന്‍ ലാല്‍ ജോസ് പറയുന്നു.

‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഞാന്‍ പറഞ്ഞത് ഇതിലെ ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രം നമുക്ക് ഫഹദിനെ കൊണ്ട് ചെയ്യിക്കാമെന്നായിരുന്നു. തിരക്കഥാകൃത്ത് ഇക്ബാലിനും അത് സമ്മതമായിരുന്നു.

അന്ന് ഫഹദ് വലിയ നടനായിട്ടില്ല. ഫഹദില്‍ എനിക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഒരേ സമയം ഇന്നസന്‍സും വില്ലനിസവും കൊണ്ട് വരാന്‍ കഴിയുന്ന ഫഹദില്‍ നല്ല ഒരു ആക്ടര്‍ ഉണ്ട് എന്ന് ഞാന്‍ നേരെത്തെ തിരിച്ചറിഞ്ഞതാണ്’.

‘അതുകൊണ്ടാണ് എന്നോട് സഹസംവിധായകനായി കൂടെ നിന്നോട്ടെ എന്ന് ചോദിച്ച ഫഹദിനോട് ഞാന്‍ നോ പറഞ്ഞത്. നീലത്താമരയില്‍ ഫഹദ് ഡബ്ബ് ചെയ്തിട്ടുണ്ട്. ഡയമണ്ട് നെക്ലസ് ഫഹദ് ഫാസിലിനെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കി. ഒരു നായക നടന് സിനിമയില്‍ ഉയര്‍ന്നു വരാന്‍ പ്രയാസമാണ്.

പക്ഷേ ഒരു നായികയയ്ക്ക് അത് എളുപ്പമാണ്. പുതിയ ഒരു നായികയെ അവതരിപ്പിച്ചാല്‍ സിനിമയ്ക്കുള്ളിലെ ആളുകള്‍ തന്നെ ശ്രദ്ധിക്കും. സൗന്ദര്യം നോക്കിയാകും അവരെ സിനിമയില്‍ സെലക്ട് ചെയ്യുക. നായക നടന്മാര്‍ക്ക് ഒരിക്കലും അങ്ങനെയൊരു പരിഗണന ലഭിക്കില്ല’. ലാല്‍ ജോസ് പറയുന്നു.