ആ ത്രില്ലും ആശങ്കകളും നഷ്ടമായെന്ന വിഷമം എനിക്കുമുണ്ട്, തിയേറ്റര്‍ ഉടമകള്‍ എനിക്കൊരു പ്രത്യേക പരിഗണന നല്‍കേണ്ട കാര്യമില്ലല്ലോ: ദുല്‍ഖര്‍ സല്‍മാന്‍

സല്യൂട്ട് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഫിയോക്. ഇക്കാര്യത്തില്‍ വിശദീകരണവുമായി ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനി വേഫെറര്‍ ഫിലിംസ് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദുല്‍ഖറും.

കുറുപ്പ് തിയേറ്ററിലിറക്കി, അതു വിജയിച്ചു എന്നതുകൊണ്ടു മാത്രം തിയേറ്റര്‍ ഉടമകള്‍ എനിക്കൊരു പ്രത്യേക പരിഗണന നല്‍കേണ്ട കാര്യമില്ലല്ലോ. സല്യൂട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമ്പോള്‍ അവര്‍ക്കൊരു നിലപാട് എടുത്തേ പറ്റൂ എന്ന് എനിക്കറിയാം.

ഒ.ടി.ടി റീലീസിന് ചിത്രങ്ങള്‍ പോകുമ്പോള്‍ മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിയേറ്റര്‍ ഉടമകളെയോ പ്രേക്ഷകരെയോ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല സല്യൂട്ടിന്റെ ഒ.ടി.ടി റീലീസ്. എല്ലാ താരങ്ങള്‍ക്കും സ്വന്തം ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുന്നതു തന്നെയാണ് താല്‍പര്യം.

ചിത്രം തിയേറ്ററില്‍ എത്തിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന, ആദ്യ ദിന പ്രതികരണങ്ങളുടെ ത്രില്ലും ആഹ്ലാദവും ആശങ്കകളും നഷ്ടമായെന്ന വിഷമം എനിക്കുമുണ്ട്. സല്യൂട്ടിന്റെ ഒ.ടി.ടി റിലീസ് ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ടാണ് എന്നാണ് ദുല്‍ഖര്‍ മനോരമയോട് പ്രതികരിക്കുന്നത്.

അതേസമയം, സല്യൂട്ടിന്റെ ഒ.ടി.ടി റിലീസ് കരാര്‍ ആണ് ആദ്യം ഒപ്പു വച്ചതെന്നും മാര്‍ച്ച് 30ന് അകം റിലീസ് ചെയ്തില്ലെങ്കില്‍ കരാര്‍ ലംഘനമാകുമെന്നും വ്യക്തമാക്കി ആയിരുന്നു വേഫറെര്‍ ഫിലിംസ് രംഗത്തെത്തിയത്. മാര്‍ച്ച് 18ന് സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്തത്.