തത്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്നാണ് പറയുന്നത്, വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്: ദുല്‍ഖര്‍

ദുല്‍ഖര്‍ സിനിമയില്‍ എത്തിയതിന് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് മമ്മൂട്ടിയും മകനും ഒന്നിക്കുന്ന ചിത്രത്തിനായാണ്. പലപ്പോഴും അഭിമുഖങ്ങളില്‍ ഇരുതാരങ്ങളും ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുണ്ട്. ഒരുമിച്ചൊരു ചിത്രം തല്‍ക്കാലം വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദുല്‍ഖര്‍ പറയുന്നു.

വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ, അത് അദ്ദേഹം കൂടി ചിന്തിക്കണം. തല്‍ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്നു പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ടു പേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനതു വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതിനാലാണ് ആ ചിന്ത.

പക്ഷേ, എപ്പോഴെങ്കിലും, ഒരിക്കലെങ്കിലും സ്‌ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട് എന്നാണ് ദുല്‍ഖര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഭീഷ്മ പര്‍വത്തില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എന്ന ആരാധകരുടെ ആഗ്രഹത്തിനും നടന്‍ മറുപടി നല്‍കി.

ഭീഷ്മയിലെ അജാസ് അലിയെ സൗബിന്‍ നല്ല അസ്സലായി ചെയ്തിട്ടുണ്ടല്ലോ. ഞാനത് ശരിക്കും ആസ്വദിച്ചു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതേസമയം ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഡയറക്ട് ഒ.ടി.ടി റിലീസ് ആയി കഴിഞ്ഞ ദിവസം സോണി ലൈവില്‍ എത്തിയിരുന്നു.

Read more

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ രചന ബോബി- സഞ്ജയ് ആണ്. ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ വേഷമിട്ടത്.