മധുരരാജയുടെ ടീസര്‍ ഈ മാസം 20ന് ; ആരാധകര്‍ക്ക് വേണ്ടിയുള്ളതെന്ന് വൈശാഖ്

മമ്മൂട്ടി ചിത്രം മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്
വൈശാഖ്. ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് 20 ന് എത്തുമെന്നും അത് ആരാധകര്‍ക്ക് വേണ്ടിയുള്ളതായിരിക്കുമെന്നും സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും സ്‌ക്രീനില്‍ എത്തുന്നു. പുലിമുരുകനും മാസ്റ്റര്‍ പീസിനും ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. . വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് വേഷങ്ങളില്‍ ഒന്ന് വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ് ഒപ്പം പീറ്റര്‍ ഹെയ്നിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൂടിയാകുമ്പോള്‍ ആവേശം ഇരട്ടിക്കും.

മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്നി ഖാന്‍, പ്രിയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.