ശ്രീദേവിയെ ഓര്‍മ്മിപ്പിച്ച് ചിത്രങ്ങള്‍; നടിയുടെ ജീവിതകഥയാണോ എന്ന് വ്യക്തമാക്കാതെ സംവിധായകന്‍, സിനിമയാകുമ്പോള്‍ ഒരുപാട് രഹസ്യങ്ങള്‍ ഉണ്ടാകുമെന്ന് വാദം

പ്രശാന്ത് മാമ്പുള്ളിയുടെ സംവിധാനത്തില്‍ പ്രിയ വാര്യര്‍ ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ചിത്രം ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു .
ലൊക്കേഷന്‍ ചിത്രങ്ങളില്‍ പ്രിയ ധരിച്ചിരിക്കുന്ന കോസ്റ്റ്യൂമിന് “ചാന്ത് ക തുക്ടടാ” എന്ന സിനിമയിലെ ശ്രീദേവിയുടെ വേഷവുമായി സമാനതകളുണ്ട്. ശ്രീദേവിയുടെ ആരാധകര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നു.
ശ്രീദേവി എന്നത് ഞാന്‍ കഥാപാത്രത്തിന് നല്‍കിയ പേരാണ്. ഒരു സിനിമാനടിയുടെ വേഷമാണ് പ്രിയ ഇതില്‍ അവതരിപ്പിക്കുന്നത്. ലണ്ടനില്‍ അവര്‍ സിനിമയുടെ ചീത്രീകരണവുമായി ബന്ധപ്പെട്ട് പോകുകയും അവിടെ ഉണ്ടാകുന്ന ഒരു സംഭവം അവരുടെ ജീവിതത്തെ മാറ്റി മറിക്കുകയും ചെയ്യുന്നു. ഇതാണ് സിനിമയുടെ പ്രമേയം.ശ്രീദേവിയുടെ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. ശ്രീദേവിയുടെ പേര് ഉപയോഗിക്കരുത്, അല്ലെങ്കില്‍ ബയോപിക് എടുക്കരുതെന്നാണ് അവര്‍ പറയുന്നത്. ശ്രീദേവി എന്നത് ഒരു പേരാണ്.

ശ്രീദേവി എന്ന പേരില്‍ ലക്ഷക്കണക്കിനാളുകള്‍ ഉണ്ട്. എനിക്ക് ഇനി എന്റെ സിനിമയുടെ പേര് മാറ്റാനാകില്ല. ഇതെല്ലാം വിശദീകരിച്ച് ഞങ്ങള്‍ ഒരു മറുപടി അയച്ചിട്ടുണ്ട്. അതിന് പ്രതികരണമൊന്നും വന്നിട്ടില്ല. ഇത് ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് നമുക്ക് സിനിമ കണ്ട് തീരുമാനിക്കാം. ഒരു സിനിമ എന്ന് പറഞ്ഞാല്‍ അതില്‍ ഒരുപാട് രഹസ്യങ്ങളുണ്ട്. ഞങ്ങള്‍ ലക്ഷ്യമിടുന്നത് സസ്‌പെന്‍സ് ത്രില്ലറാണ്. തത്കാലം ഞാന്‍ ഇത്തരം വിവാദങ്ങള്‍ക്ക് പിറകേ പോകുന്നില്ല. ശ്രീദേവിയെന്ന നടിയെ മറ്റുള്ളവരെപ്പോലെ ഞാനും സ്‌നേഹിക്കുന്നതാണ്. അവരെ ഒരിക്കലും മോശമായി ഞാന്‍ ചിത്രീകരിക്കില്ല പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.

പ്രിയാ വാര്യരെയല്ല കങ്കണ റണാവത്തിനെയാണ് നായികയായി ആദ്യം നിശ്ചയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. “”ഇതൊരു സസ്പെന്‍സ് ത്രില്ലറാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ തിരക്കഥയുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. എനിക്ക് പറ്റിയ നിര്‍മ്മാതാവിനെയും കിട്ടി. കങ്കണ റണാവത്തിനെയാണ് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. കങ്കണ റണാവത്ത് വലിയ തിരക്കുള്ള നടിയാണ്. അവര്‍ക്ക് ഡേറ്റിന്റെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്റെ കഥാപാത്രത്തിന് ചേരുന്ന മുഖമാണ് പ്രിയയുടേത്. അവര്‍ നന്നായി ചെയ്തിട്ടുമുണ്ട്. പിന്നീട് തെന്നിന്ത്യയിലും റിലീസ് ചെയ്യാം എന്ന ഉദ്ദേശത്തോടെയാണ് പ്രിയയെ കൊണ്ടു വരുന്നത്.