സംവിധാനം എപ്പോഴെങ്കിലും സംഭവിച്ചേക്കാം, പക്ഷെ ഇപ്പോള്‍ അതിന് മനസ് വന്നിട്ടില്ല: സുരാജ് വെഞ്ഞാറമൂട്

സംവിധാന രംഗത്തേക്ക് കടന്നുവരുന്നതിനെ കുറിച്ച് മനസ് തുറന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. സിനിമയ്ക്കുള്ളില്‍ തന്നെ നില്‍ക്കുന്നതിനാല്‍ സംവിധാനം എപ്പോഴെങ്കിലും സംഭവിച്ചേക്കാമെന്നും എന്നാല്‍ നിലവില്‍ അതിന് മനസ് വന്നിട്ടില്ലെന്നും സുരാജ് പറഞ്ഞു.

‘സംവിധാനം എപ്പോഴെങ്കിലും സംഭവിച്ചേക്കാം. പക്ഷെ ഇപ്പോള്‍ അതിന് ഒരു മനസ് വന്നിട്ടില്ല. കാരണം സംവിധായകന്‍ ആകാന്‍ ആദ്യം വേണ്ടത്, അതിനായി മനസ് പാകപ്പെടുത്തുക എന്നതാണ്. കാരണം ഒരു സംവിധായകന്‍ ആ സിനിമയിലുള്ള എത്ര പേരെ കൈകാര്യം ചെയ്യണമെന്നറിയാമോ?’

‘എന്റെ കാര്യത്തില്‍ എനിക്ക് എന്നെ പോലും ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയാത്ത ഒരാളാണ്. അതാണ് ഞാന്‍ ആദ്യം എന്നെ കുറിച്ച് മനസിലാക്കുന്നത്. പക്ഷെ ഒന്നും നമുക്ക് പറയാന്‍ പറ്റില്ല, എപ്പോഴും സിനിമയ്ക്കുള്ളില്‍ തന്നെയല്ലേ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സംവിധാനം, അത് സംഭവിച്ചേക്കാം. എന്തായാലും ഇപ്പോള്‍ ഇല്ല.’ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ സുരാജ് പറഞ്ഞു.

ജന ഗണ മനയ്ക്ക് ശേഷം പത്താംവളവാണ് സുരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇന്ദ്രജിത്തിനൊപ്പം സുരാജ് ഒന്നിക്കുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.