20 വര്‍ഷമായി മലയാള സിനിമയില്‍ നിന്നും കിട്ടാത്ത അംഗീകാരം തമിഴിലും ഹിന്ദിയിലും കിട്ടുമ്പോള്‍ സന്തോഷമുണ്ട്: ദിനേശ് പ്രഭാകര്‍

അജിത്തിന്റെ വലിമൈ ചിത്രം റിലീസിന് മുമ്പ് നടന്‍ ദിനേശ് പ്രഭാകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറല്‍ ആയിരുന്നു. വലിമൈയില്‍ അജിത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ച സന്തോഷം പങ്കുവച്ച്, തിയേറ്ററുകളിലെത്തുന്ന ചിത്രം പോയി കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ദിനേശ് ാെരു സിനിമാ ഗ്രൂപ്പില്‍ പങ്കുവച്ച പോസ്റ്റ്.

അജിത്തിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രം വൈറലായിരുന്നു. ഡിസിപി രാജാങ്കം എന്ന അല്‍പ്പം ഹ്യൂമര്‍ നിറഞ്ഞ വില്ലന്‍ കഥാപാത്രമായാണ് ദിനേശ് ചിത്രത്തില്‍ വേഷമിട്ടത്. മലയാളത്തില്‍ നിന്നും ലഭിക്കാത്ത അംഗീകാരം അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും തനിക്ക് ലഭിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് പറയുകയാണ് ദിനേശ് ഇപ്പോള്‍.

ആദ്യം പറഞ്ഞത് ചെറിയൊരു വേഷമാണ് എന്നായിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടെന്നും പറഞ്ഞാണ് പോയത്. സെറ്റില്‍ ചെന്നപ്പോഴാണ് മലയാളിയായ പേളി മാണി, ധ്രുവന്‍ ഇവരെല്ലാം ഉണ്ടെന്ന് അറിഞ്ഞത്. അവിടെ ചെന്നതിനു ശേഷമാണ്, അജിത്തിന്റെ കൂടെ ഉള്ള സീനാണെന്നും ഓപ്പസിറ്റ് വരുന്ന ക്യാരക്ടര്‍ ആണെന്നുമെല്ലാം അറിയുന്നത്.

സെറ്റിലെത്തി, ഷൂട്ട് തുടങ്ങി. പിന്നെപ്പിന്നെ സീനിന്റെ എണ്ണം കൂടി. തന്റെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യവും കൂടി. സത്യത്തില്‍ പടം റിലീസ് ആയതിനു ശേഷം ഒരുപാട് കോളുകള്‍ വന്നപ്പോഴാണ് ഇത്രയും പ്രാധാന്യമുള്ള വേഷമാണ് ചെയ്തതെന്ന് മനസിലായത്. അഭിനയിച്ചു പോന്നെങ്കിലും മുഴുവന്‍ സിനിമ എങ്ങനെയാണെന്ന് അറിയില്ലല്ലോ.

കോവിഡ് കാരണം പല ഷെഡ്യൂളുകള്‍ ആയിട്ടാണ് ഷൂട്ട് നടന്നത്. 20 വര്‍ഷത്തോളമായി സിനിമ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്. മലയാളത്തില്‍ നിന്നും കിട്ടാത്ത ഒരു അംഗീകാരം തമിഴിലും ഹിന്ദിയിലും കിട്ടുമ്പോള്‍ വളരെ സന്തോഷമുണ്ട് എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിനേശ് പറയുന്നത്.