വെള്ളിത്തിരയില്‍ വീണ്ടുമൊരു കള്ളന്‍വേഷം; ജാക്ക് ഡാനിയലിലെ കഥാപാത്രത്തെ കുറിച്ച് ദിലീപ്

ദിലീപും ആക്ഷന്‍ കിങ് അര്‍ജുനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം “ജാക്ക് ആന്‍ഡ് ഡാനിയല്‍” പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിലൂടെ വീണ്ടുമൊരു കള്ളന്‍വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദിലീപ്. മീശമാധവനിലെ മാധവന്‍ എന്ന കള്ളനെ സ്വീകരിച്ചതു പോലെ ജാക്കിനെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. എന്നാല്‍ മാധവനില്‍ നിന്ന് ഏറെ വ്യത്യസ്തനായ കള്ളനാണ് ജാക്ക് എന്നാണ് ദിലീപ് പറയുന്നത്.

“എങ്ങനെ കള്ളന്‍, എന്തുകൊണ്ട് കള്ളനായി എന്നതിലൊക്കെ കാര്യമുണ്ട്. ഒരു കള്ളന്റെ കഥയെന്നാണ് മീശമാധവന്റെ കഥ പറയുമ്പോള്‍ സിദ്ദീഖ് ലാല്‍ പറഞ്ഞത്. പക്ഷേ ആ കള്ളനെ ജനങ്ങള്‍ ഇഷ്ടപ്പെടുമെന്നാണ് അന്ന് സിദ്ദീഖ് പറഞ്ഞത്. അതുപോലെ തന്നെ അന്ന് മീശമാധവനിലെ കള്ളനെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. മീശ പിരിച്ചുകൊണ്ട് ഒരു വീട്ടിലേക്ക് നോക്കി എന്തൊക്കെ മോഷ്ടിക്കാം എന്ന് ചിന്തിക്കുന്ന കള്ളന്‍. എന്നാല്‍ ആ കള്ളനില്‍ നിന്ന് മാറി വ്യത്യസ്തനായ കള്ളനാണ് ജാക്ക് ആന്‍ഡ് ഡാനിയേലിലെ ജാക്ക് എന്ന കള്ളന്‍.”

“സാധാരണ ഒരു കള്ളന്‍ എന്ന് പറഞ്ഞ് ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രമാണ് ജാക്ക്. സമൂഹത്തോട് കടപ്പാടും പ്രതിബന്ധതയുമുള്ളവരാണ് നമ്മള്‍. നമുക്ക് പോലും അയ്യോ എന്തുകൊണ്ടാണ് നമ്മള്‍ ഇതുവരെ ഇങ്ങനെ ചിന്തിക്കാതിരുന്നു എന്ന ചിന്തയുണ്ടാക്കുന്ന കഥാപാത്രം.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.

എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നവരും ചിത്രത്തിലുണ്ട്. എന്‍ജികെ, ഇരവി, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള ശിവകുമാര്‍ വിജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതസംവിധാനം ഗോപി സുന്ദറാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 14 ന് തിയേറ്ററുകളിലെത്തും.