ഒന്നര ലക്ഷം ചേട്ടനെ പറ്റിച്ച് കൈക്കലാക്കി ബാക്കി പൈസയ്ക്ക് ഒരു ഷോര്‍ട്ട് ഫിലിം തട്ടിക്കൂട്ടി, വീട്ടില്‍ തേങ്ങ ഇടാന്‍ വരുന്ന ആള്‍ വരെ ഉപദേശിക്കും: ധ്യാന്‍ ശ്രീനിവാസന്‍

നടനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായി ശ്രദ്ധ നേടിയാലും വീട്ടിലെ സെലിബ്രിറ്റികള്‍ക്കിടയില്‍ താന്‍ ഔട്ടാണെന്നാണ് ധ്യാന്‍ ശ്രീനിവാസന്‍. രണ്ടു ദിവസം വീട്ടില്‍ ഇരുന്നാല്‍ അച്ഛനെ കണ്ടു പഠിക്ക്, ചേട്ടനെ കണ്ടു പഠിക്ക് എന്നാണ് അമ്മ പറയുകയെന്ന് ധ്യാന്‍ പറയുന്നത്.

വീട്ടില്‍ ചെന്നാല്‍ ഇപ്പോഴും തേങ്ങയിടാന്‍ വരുന്നയാള്‍ വരെ ഉപദേശിക്കും. മോനേ, ഇങ്ങനെ നടന്നാല്‍ മതിയോ? എന്തെങ്കിലുമൊക്കെ ചെയ്യെന്ന്. വീട്ടില്‍ അമ്മയെ സംബന്ധിച്ചടത്തോളം ഭര്‍ത്താവ് സിനിമാക്കാരന്‍ ശ്രീനിവാസന്‍, മൂത്തമോന്‍ വിനീത് ശ്രീനിവാസന്‍. അതു കഴിഞ്ഞിട്ടേയുള്ളൂ തനിക്ക് സ്ഥാനം.

നമ്മളോട് സ്‌നേഹമുള്ളതു കൊണ്ടായിരിക്കും, എന്തെങ്കിലും ചെയ്യ് എന്നു പറയും. രണ്ടു ദിവസം വീട്ടില്‍ ഇരുന്നാല്‍ പോലും അച്ഛനെ കണ്ടു പഠിക്ക്, ചേട്ടനെ കണ്ടു പഠിക്ക് എന്നാണ് പറയുക. എന്നാല്‍ അച്ഛനോ അമ്മയോ ചേട്ടനോ അധികാരം കാണിക്കാനോ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാനോ ഒരിക്കലും മുതിര്‍ന്നിട്ടില്ല.

ഒന്നും ചെയ്യാതെ വെറുതെ വീട്ടില്‍ ഇരുന്നപ്പോഴാണ് അമ്മാവന്റെ (എന്‍ മോഹനന്‍) ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പോയത്. അതു കഴിഞ്ഞ് ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. ചേട്ടനാണ് അത് നിര്‍മ്മിച്ചത്. ചേട്ടന്‍ തന്ന രണ്ടു ലക്ഷത്തില്‍ ഒന്നര ലക്ഷത്തോളം താന്‍ ചേട്ടനെ പറ്റിച്ചിട്ട് ബാക്കി പൈസയ്ക്ക് തട്ടിക്കൂട്ടിയ ഷോര്‍ട്ട് ഫിലിമാണ്.

അഭിനയിക്കാന്‍ ഇനിയാര്‍ക്കും കാശ് കൊടുക്കേണ്ടല്ലോ എന്നു വിചാരിച്ചു താന്‍ തന്നെ കയറി അഭിനയിച്ചു. അതിലെ തന്റെ അഭിനയം കണ്ടിട്ടാണ് ചേട്ടന്‍ തന്നെ ‘തിര’യിലേക്ക് വിളിക്കുന്നത്. സത്യത്തില്‍ അതെനിക്ക് ലോട്ടറി അടിച്ചതാണ് എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.