ഇപ്പോഴും വീടിന് എന്നെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ല, അച്ഛനെയും ചേട്ടനെയും ഒക്കെ ഇന്റര്‍വ്യൂവില്‍ നാറ്റിച്ച് കൊണ്ടിരിക്കുകയാണ്: ധ്യാന്‍

 

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഷഹാദ് നിലമ്പൂര്‍ ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. മാത്യു തോമസ്, ദിലീഷ് പോത്തന്‍, നിഷ സാരംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 17ന് ചിത്രം തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഈ സിനിമയില്‍ സ്വന്തം ജീവിതത്തില്‍ നിന്ന് ചികഞ്ഞെടുത്ത കാര്യങ്ങളാണെന്ന് പറഞ്ഞല്ലോയെന്നും അത് എന്തൊക്കെ കാര്യങ്ങളാണെന്നും ആയിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘ഇതൊക്കെ ദാരിദ്ര്യത്തിന് താഴെ, ഞാന്‍ ഒക്കെ റിച്ച് ഫാമിലിയല്ലേ. ഇത് മിഡില്‍ ക്ലാസിനും താഴെ നില്‍ക്കുന്ന പാവപ്പെട്ട കുടുംബമാണ്’ എന്നായിരുന്നു’ ധ്യാനിന്റെ മറുപടി.

മാത്യുവിന്റെ കഥാപാത്രത്തിന് ഒരുപാട് കഴിവുകളുള്ള ഒരു അനിയനുണ്ട്. എന്നാല്‍ തനിക്ക് യാതൊരു കഴിവുമില്ലായിരുന്നെന്നും ധ്യാന്‍ പറഞ്ഞു. എഴുന്നേല്‍ക്കും, ചോറ് തിന്നും, ഉറങ്ങും. 20- 22 വയസുവരെ അങ്ങനെയൊരു ജന്തുവായിരുന്നു താനെന്നും ധ്യാന്‍ പറഞ്ഞു.

ഇപ്പോഴും വീടിന് നമ്മളെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ലെന്നും അച്ഛനെയും ചേട്ടനെയുമൊക്കെ ഇന്റര്‍വ്യൂവില്‍ നാറ്റിച്ച് കൊണ്ടിരിക്കുകയാണല്ലോയെന്നും ആ രീതിയില്‍ തനിക്ക് മാത്യുവിനെ ഭയങ്കരമായി റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നും ധ്യാന്‍ പറഞ്ഞു.