എനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്ന വിമര്‍ശനം കുറുപ്പിലൂടെ മാറി: ദുല്‍ഖര്‍ സല്‍മാന്‍

കോവിഡ് പശ്ചാത്തലത്തില്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുമ്പോഴായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തിയേറ്ററുകളില്‍ എത്തിയത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.

തനിക്ക് സോളോ ഹിറ്റ് ഉണ്ടാവില്ലെന്ന വിമര്‍ശനത്തിന് കുറുപ്പ് സിനിമയുടെ വിജയത്തോടെ ആശ്വാസമായെന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

താന്‍ നേരിട്ട ഒരു വിമര്‍ശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്നാണ്. തന്റെ സിനിമകള്‍ എപ്പോഴും ഒരു മള്‍ട്ടി സ്റ്റാറര്‍ അല്ലെങ്കില്‍ അത് മറ്റാരുടെയെങ്കിലും ക്രെഡിറ്റ് ആകും എന്നതാണ്. അതിനാല്‍ കുറുപ്പിന്റെ വിജയം ആ അര്‍ത്ഥത്തില്‍ ഒരല്‍പ്പം ആശ്വാസമായിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

സൂപ്പര്‍ സ്റ്റാര്‍ എന്നത് തന്നെ സംബന്ധിച്ച് വെറുമൊരു വാക്ക് മാത്രമാണ്. അത് ഒരിക്കലും താന്‍ തിരഞ്ഞെടുക്കുന്ന സിനിമകളെ ബാധിക്കില്ലെന്നും നടന്‍ പറയുന്നു. തനിക്ക് എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. സാധാരണ കുറുപ്പ് പോലുള്ള ബിഗ് ബജറ്റ് സിനിമകളില്‍ നിന്ന് താന്‍ ഒഴിഞ്ഞ് മാറാറാണ് പതിവ്.

കാരണം അത്തരം സിനിമകള്‍ ഒരു നിര്‍മ്മാതാവിനെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദം തന്നെയാണ്. താന്‍ എപ്പോഴും നിര്‍മ്മാതാക്കളെ കുറിച്ചും ചിന്തിക്കാറുണ്ട്. പക്ഷെ താന്‍ തന്നെ നിര്‍മ്മാതാവാകുമ്പോള്‍ ക്രിയേറ്റീവ് കണ്ട്രോള്‍ തന്റെ കയ്യിലായിരിക്കും. അതുകൊണ്ട് തന്നെ കുറച്ച് റിസ്‌ക് എടുക്കാന്‍ സാധിക്കു’മെന്നും ദുല്‍ഖര്‍ പറഞ്ഞു.