‘ഇനി ദുല്‍ഖറിന്റെ അച്ഛന് അഭിമാനിക്കാം, അവന്‍ മലയാള സിനിമയില്‍ നില്‍ക്കുമെന്ന് ഉറപ്പാണ്’

മലയാള സിനിമ കണ്ട മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് എസ്.കുമാര്‍. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അഭിനയത്തിന്റെ തുടക്കം മുതല്‍ക്കേ കണ്ടറിഞ്ഞ വ്യക്തിയാണ് അദ്ദേഹം. പഴയ ബന്ധങ്ങള്‍ ഇന്നും കാത്തു സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടിയെന്നാണ് കുമാര്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം കണ്ട് മമ്മൂട്ടിയെ വിളിച്ച അനുഭവവും കുമാര്‍ പറയുന്നു.

‘ഇനി ദുല്‍ഖറിന്റെ അച്ഛന് അഭിമാനിക്കാം, അവന്‍ മലയാള സിനിമയില്‍ നില്‍ക്കുമെന്ന് ഉറപ്പാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍  നീയിത് നേരിട്ട് അവനോട് പറയണമെന്ന് ആഹ്ലാദത്തോടെ പറഞ്ഞയാളാണ് മമ്മൂട്ടിക്ക. ഞങ്ങള്‍ തുടക്കത്തിലേ മമ്മൂട്ടിക്ക എന്നാണ് വിളിക്കുന്നത്. പ്രിയനെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന് നല്ല പങ്കുണ്ട്. ഞങ്ങളുടെ ടീമിനെ തുടക്കം മുതല്‍ക്കേ അഭിനന്ദിക്കുന്ന കൂട്ടത്തിലായിരുന്നു മമ്മൂട്ടിക്ക. ആ പഴയ ബന്ധങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നയാളുമാണ്.’

Image result for s kumar

‘മകന്‍ കുഞ്ഞുണ്ണി എസ്.കുമാര്‍ ഒരു പരസ്യം ഷൂട്ട് ചെയ്തിരുന്നു. അതില്‍ മമ്മൂട്ടിക്കയായിരുന്നു അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അവന്‍ എന്തെങ്കിലും ശല്യം ഉണ്ടാക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഏയ് നിന്നെപ്പോലെയല്ല, അവന് ബുദ്ധിയുണ്ട്. മിടുക്കനാണ് എന്നായിരുന്നു മറുപടി. അപ്പോള്‍ ഞാന്‍ പറഞ്ഞു. അവന്‍ എന്റെ മോനാണല്ലോ. എന്റെ മോന്റെ ക്രെഡിറ്റ് എനിക്കുള്ളതാണ് എന്ന്. ഇങ്ങനെ എന്ത് തമാശയും പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങളുടെ സൗഹൃദത്തിലുണ്ട്.’ അടുത്തിടെ ഒരു അഭിമുഖത്തില്‍ കുമാര്‍ പറഞ്ഞു.