നടി ഗൗരി കിഷന് പിന്തുണയുമായി സുപ്രിയ മേനോൻ. ജേണലിസത്തിന്റെ പേരിൽ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ എന്ന് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സിനിമ പ്രമോഷന്റെ വാർത്താസമ്മേളനത്തിൽ ശരീരഭാരം എത്രയാണെന്ന് ചോദിച്ച യൂട്യൂബറോട് പൊട്ടിത്തെറിക്കുന്ന ഗൗരിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ മേനോൻ സ്റ്റോറി പോസ്റ്റ് ചെയ്തത്.
സിനിമയുടെ പ്രെമോഷനായുള്ള വാർത്താസമ്മേളനത്തിനിടെ സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്നായിരുന്നു യൂട്യൂബർ നടനോട് ചോദിചത്തത്. എന്നാൽ ഇതിൽ പ്രകോപിതയായ ഗൗരി രൂക്ഷമായ ഭാഷയിൽ യൂട്യുബറോട് പ്രതികരിക്കുകയായിരുന്നു. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഢിത്തരമാണെന്ന് പറഞ്ഞ ഗൗരി നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു.
യൂട്യൂബർ ചോദ്യത്തെ ന്യായീകരിച്ച് സംസാരിച്ചെങ്കിലും ആ ചോദ്യം മോശമാണെന്ന നിലപാടിൽ ഉറച്ച് നിന്നു. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും യൂട്യൂബറോടും നടി ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്സ് കരുതുന്നതെന്നും താനും ജേർണലിസമാണ് പഠിച്ചതെന്നും ഗൗരി കിഷൻ പറഞ്ഞു.
50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നുവെന്നും എന്റെ ടീം മെമ്പേഴ്സ് പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി പറഞ്ഞു. അതേസമയം വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച യൂട്യൂബറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്.







