ആ കഥാപാത്രം ഞാന്‍ ചോദിച്ചു വാങ്ങിയതാണ്, അത് ചെയ്യാന്‍ പറ്റുമോയെന്ന് ചോദിക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു സംവിധായകന്‍: ബിജു മേനോന്‍

അധികം പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ എത്തി തിയേറ്ററില്‍ ഓളം തീര്‍ത്ത സിനിമകളില്‍ മുന്‍പന്തിയിലാണ് ‘ഗരുഡന്‍’. സുരേഷ് ഗോപിയും ബിജു മേനോനും വര്‍ഷങ്ങള്‍ ശേഷിച്ച ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യുകയാണ്. ഈ കഥാപാത്രം താന്‍ ചോദിച്ചു വാങ്ങിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജു മേനോന്‍ ഇപ്പോള്‍.

”എന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ഗരുഡനിലേത്, സംവിധായകന്‍ അരുണ്‍ വര്‍മനില്‍ നിന്നാണ് കഥ കേള്‍ക്കുന്നത്. മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍ അധ്യാപകനായ നിഷാന്തിന്റെ വേഷമാണ് എനിക്കിഷ്ടമായത്.”

”മറ്റാര്‍ക്കും നല്‍കാമെന്ന് പറഞ്ഞിട്ടില്ലെങ്കില്‍ ആ വേഷം ഞാന്‍ ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍, ചോദിച്ചു വാങ്ങിയ വേഷമാണ് ഗരുഡനില്‍ അവതരിപ്പിച്ചത്. ആ വേഷം ചെയ്യാന്‍ പറ്റുമോയെന്ന് എന്നോട് ചോദിക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു സംവിധായകന്‍” എന്നാണ് ബിജു മേനോന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമാണ് ഗരുഡന്‍. മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് വന്‍ അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവംബര്‍ 3ന് ആണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

Read more

ചിത്രത്തിന് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആദ്യ ദിനത്തില്‍ തന്നെ ബോക്സ് ഓഫീസില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം.