എന്റെ വില വെറും 2400.. ഇനി ബുദ്ധിമുട്ടിക്കരുത്..; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്

മറ്റ് കലാകാരന്‍മാര്‍ക്കായി കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്‍കിയത് തുച്ഛമായ പ്രതിഫലം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രന്‍ കവിയെ ഉദ്ധരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേരള സാഹിത്യ അക്കാദമിക്ക് എതിരെയാണ് കവിയുടെ കുറിപ്പ്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്ക് വെറും 2400 രൂപയാണ് തന്നതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു. ‘എന്റെ വില..’ എന്ന വാക്കുകളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ഇനി മേലില്‍ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി തന്നെ സമീപിക്കരുത്, താന്‍ വരില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്:

എന്റെ വില. ബാലചന്ദ്രന്‍ ചുള്ളിക്കാട്

കേരള ജനത എനിക്ക് നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്ക് മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്. (30-01-2024).

കേരള ജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാന്‍ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.

ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പത് വര്‍ഷം ആശാന്‍ കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസിലാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.

പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)

എറണാകുളത്തു നിന്ന് തൃശൂര്‍ വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ (3500/-).

3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍ നിന്നാണ്.

പ്രബുദ്ധരായ മലയാളികളേ,

നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമി വഴി എനിക്ക് നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍ നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്…

അതേസമയം, കുറിപ്പില്‍ പറയുന്ന കാര്യത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് തന്നെയാണ് തന്റെ തീരുമാനം എന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു. ജനുവരി അവസാനം നടത്തിയ സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ ‘കുമാരനാശാന്റെ കരുണ’ എന്ന വിഷയത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ നേടിയിരുന്നു.

”നല്ലകവിത ചിലപ്പോള്‍ കവിയെ ഒറ്റുകൊടുക്കും… ചോരയില്‍ കുളിച്ചുകിടക്കുമ്പോഴും വശ്യപ്രയോഗത്തിനുള്ള കുങ്കുമംപോലെ എന്നാണ് കുമാരനാശാന്‍ വാസവദത്തയെ വര്‍ണിച്ചത്. സോദ്ദേശ്യകവിത അങ്ങനെ ചെയ്യില്ല. അത്തരം കവിതകളില്‍ കവിക്ക് പൂര്‍ണനിയന്ത്രണമുണ്ടാകും.. അടിയുറച്ച ദൈവവിശ്വാസിയും ആസ്തികനുമായിരുന്നു ആശാന്‍. ബുദ്ധദര്‍ശനം നാസ്തികദര്‍ശനമാണെന്നും ശ്രീനാരായണഗുരുവിന്റെ ആസ്തികദര്‍ശനമാണ് സ്വീകാര്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സര്‍വമതത്തിനും ഏകസാരമെന്നാണ് നാരായണഗുരു പറഞ്ഞിട്ടുള്ളത്. ഇത് ബുദ്ധതത്ത്വങ്ങള്‍ക്ക് കടകവിരുദ്ധമാണെന്നും ആശാന്‍ പറഞ്ഞു. വേദത്തിലെ അദ്വൈതഭാവം സ്വീകരിക്കുന്ന, അതില്‍ വിശ്വസിക്കുന്ന ആശാന്‍ പക്ഷേ, ചാതുര്‍വര്‍ണ്യത്തെയോ ജാതിവ്യവസ്ഥയെയോ കുലത്തൊഴിലിനെയോ അംഗീകരിച്ചിരുന്നില്ല. ആത്മീയതലത്തില്‍ അദ്വൈതവേദാന്തത്തെ സ്വീകരിക്കുമ്പോഴും സാമൂഹികജീവിതത്തില്‍ ബുദ്ധന്റെ സമത്വദര്‍ശനമാണ് ആശാന്‍ അംഗീകരിച്ചത്…” എന്ന വിഷയത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞ പ്രസക്ത ഭാഗങ്ങളിലുള്ളത്.