ഞാനൊരു കടുംപിടുത്തക്കാരനാണ്, ഇടിക്കുമ്പോള്‍ ആള്‍ക്കാര്‍ പറന്നു പോകുന്ന സീനില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറയും, ഇങ്ങനെയാകും മറുപടി: ബാബു ആന്റണി

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ കിംഗ് തന്നെയായിരുന്നു ബാബു ആന്റണി. വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ ശ്രദ്ധ നേടിയത്. എന്നാല്‍ നായകന്‍ തൊടുമ്പോഴേക്കും വില്ലന്‍ പറന്നു പോവുന്ന സീനുകളോട് താല്‍പര്യമില്ലെന്ന് ബാബു ആന്റണി തുറന്നു പറഞ്ഞിട്ടുണ്ട്.

താന്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ അതിന്റെ ഫീല്‍ തനിക്ക് അറിയാം. അതൊക്കെ കണ്ടിട്ട് സിനിമയില്‍ ഒരു ഇടി ഇടിക്കുമ്പോള്‍ ആള്‍ക്കാര്‍ പറന്നു പോകുന്നത് തനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കോണ്‍സെപ്റ്റ് ആണ്.

ഒരു സയന്‍സ് ഫിക്ഷനോ സൂപ്പര്‍ ഹീറോ സിനിമയോ ആണെങ്കില്‍ അങ്ങനെയുള്ള ഫൈറ്റ് ആക്സെപ്റ്റ് ചെയ്യാന്‍ പറ്റും. മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ സംവിധായകര്‍ ഇങ്ങനെയുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെക്കും. പക്ഷേ താനൊരു കടുംപിടുത്തക്കാരനാണ്.

താനത് ചെയ്യില്ല തന്നെക്കൊണ്ടാവില്ല എന്ന് പറയും. അവര്‍ അത് ചിരിച്ചു കൊണ്ട് സന്തോഷത്തോടു കൂടി അംഗീകരിക്കും എന്നാണ് ബാബു ആന്റണി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, സന്ദീപ് ജെ.എല്‍ ഒരുക്കുന്ന ദ ഗ്രേറ്റ് എസ്‌കേപ്പ് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

ചിത്രത്തില്‍ ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണിയും അഭിനയിക്കുന്നുണ്ട്. ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാര്‍, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന പൊതിച്ചോറ്, മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.