'അയ്യോ എന്റെ കുഞ്ഞിനെ മതം മാറ്റുമോ' എന്ന ടെന്‍ഷനായിരുന്നു അമ്മയ്ക്ക്; അപ്‌സര രത്‌നാകരന്‍ പറയുന്നു

മൂന്നു വര്‍ഷത്തെ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി അപ്‌സര രത്‌നാകരന്‍. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആല്‍ബിയെ നേരത്തെ പരിചയമുണ്ട്. ‘ഉള്ളതു പറഞ്ഞാല്‍’ എന്ന സീരിയലില്‍ അഭിനയിച്ചതിന് ശേഷമാണ് തങ്ങളുടെ സൗഹൃദം ശക്തമായതെന്നും അപ്‌സര പറയുന്നു.

ഒന്നിച്ചു ജീവിച്ചാലോ എന്ന് ആല്‍ബിയാണ് ആദ്യം ചോദിച്ചത്. രണ്ടു പേരുടെയും വീടുകളില്‍ സംസാരിച്ചപ്പോള്‍ എതിര്‍പ്പുകളുണ്ടായി. മതമായിരുന്നു പ്രശ്‌നം. വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ താല്‍പര്യമുണ്ടായില്ല. അവരെ പറഞ്ഞു മനസിലാക്കും വരെ കാത്തിരിക്കാമെന്നു കരുതി.

ഒരു വര്‍ഷത്തിന് ശേഷം വീട്ടുകാര്‍ പച്ചക്കൊടി കാട്ടി. എല്ലാവരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. തന്റെ കുടുംബത്തിലോ ആല്‍ബിച്ചേട്ടന്റെ കുടുംബത്തിലോ ഇന്റര്‍കാസ്റ്റ് വിവാഹങ്ങളുണ്ടായിരുന്നില്ല. അതിന്റെതായ സംശയങ്ങളും ആകുലതകളുമാണ് ആദ്യമുണ്ടായ എതിര്‍പ്പുകളുടെ കാരണം.

‘അയ്യോ എന്റെ കുഞ്ഞിനെ മതം മാറ്റുമോ’ എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു തന്റെ അമ്മയ്ക്ക്. ചേട്ടന്റെ അമ്മയ്ക്ക് മറ്റൊരു അന്തരീക്ഷത്തില്‍ നിന്നു വരുന്ന പെണ്‍കുട്ടി പൊരുത്തപ്പെട്ടു പോകുമോ എന്നായിരുന്നു ആശങ്ക എന്നാണ് അപ്‌സര വനിത ഓണ്‍ലൈനോട് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് അപ്‌സരയും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത്. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു വിവാഹം. സാന്ത്വനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അപ്‌സര അവതരിപ്പിക്കുന്നത്. ആല്‍ബി പത്തു വര്‍ഷമായി ടെലിവിഷന്‍ രംഗത്തുണ്ട്. നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.