'ജാതിയെ കുറിച്ച് പറയണം, അത് മാഞ്ഞുപോയെന്ന് പറയുന്നത് കള്ളത്തരം, പുഴു പറയുന്നത് ലോകമെമ്പാടും ചര്‍ച്ച ചെയ്യേണ്ട വിഷയം: അപ്പുണ്ണി ശശി

സമൂഹത്തില്‍ നിന്ന് ജാതി മറഞ്ഞുപോയെന്ന് പറയുന്നത് വെറും കള്ളത്തരമാണെന്ന് നടന്‍ അപ്പുണ്ണി ശശി. ഈ സമൂഹത്തില്‍ ജാതീയതയും വര്‍ണ്ണ വിവേചനവുമൊക്കെയുണ്ട്. ഓര്‍ത്തുവെക്കാന്‍ അധികം ഇല്ലെങ്കില്‍ പോലും തനിക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.ജാതീയതയും വര്‍ണ്ണ വിവേചനവുമൊക്കെയുണ്ട്. അത് മാഞ്ഞു പോയി, ജാതി സംസാരിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ പോലും കള്ളത്തരമാണ് പറയുന്നത് എന്ന് ഞാന്‍ പറയും. അത്തരം ആശയങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. നമുക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘പുഴു’വിലെ കുട്ടപ്പന്‍ എന്ന കഥാപാത്രവുമായി തനിക്ക് വ്യത്യാസങ്ങളും സാമ്യതകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘കുട്ടപ്പന്‍ എന്ന കഥാപാത്രവുമായി സാമ്യതകളും വ്യത്യാസങ്ങളുമുണ്ട്. കുട്ടപ്പന്‍ ഉയര്‍ന്ന യോഗ്യതയുള്ള വ്യക്തിയാണ്. എന്നാല്‍ അപ്പുണ്ണി ശശി അങ്ങനെയല്ല. ഇയാള്‍ അന്തര്‍ദേശീയ നിലവാരമുള്ള നാടകങ്ങള്‍ അവതരിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്യുന്നുണ്ട്. അത്തരം വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നമ്മളും നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

‘പുഴു’പറയുന്നത്് ലോകമെമ്പാടും ചര്‍ച്ച ചെയ്യണ്ടേ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ലോകം മുഴുവന്‍ സംസാരിക്കേണ്ട വിഷയമാണ്. അമേരിക്കയില്‍ മുട്ടിനടിയിലിട്ട് ചതച്ച് അരച്ച് ഒരു കറുത്ത വര്‍ഗ്ഗക്കാരനെ കൊന്നില്ലേ. അത്ര ഭീകരമായ ഒരു പ്രശ്നം ഇവിടെ നടന്നിട്ടില്ല. വെളുത്ത, തടിച്ച ഒരു മനുഷ്യന്‍ കറുത്തവനെ മുട്ടുകൊണ്ട് അമര്‍ത്തി കൊല്ലുന്നു. ആ വൈരുദ്ധ്യം കണ്ടില്ലേ. അതാണ് ഈ സിനിമയും പറയുന്നത്’, അപ്പുണ്ണി ശശി കൂട്ടിച്ചേര്‍ത്തു.