'ലൊക്കേഷനില്‍ ഞാന്‍ മേക്കപ്പ് ചെയ്ത് നില്‍ക്കുമ്പോഴും കളിയാക്കലുകള്‍, ആ ചിത്രത്തിനു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ഇറങ്ങി'

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “അങ്കമാലി ഡയറീസ്” എന്ന സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കി രംഗത്തെത്തിയ നടനാണ് അപ്പാനി ശരത്. പിന്നീട് പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട ശരത് “കോണ്ടസ” എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറി. ഇപ്പോഴിതാ തിയേറ്ററുകളിലെത്തിയിരിക്കുന്ന “ലൗ എഫ്.എം” എന്ന ചിത്രത്തിലും ശരത് ആണ് നായകന്‍. എന്നിരുന്നാലും സിനിമയിലെ നായക സങ്കല്‍പങ്ങള്‍ മാറിയിട്ടില്ലെന്നും ഇപ്പോഴും കളിയാക്കലുകളും അവഗണനയും നേരിടുന്നുണ്ടെന്നും ശരത് പറയുന്നു.

“നായകനായി എത്തിയ ആദ്യ സിനിമയായ കോണ്ടസ ഇറങ്ങിയ സമയത്ത് എനിക്കെതിരെ ഒരുപാട് പരിഹാസം ഉണ്ടായി. “അയ്യേ ഇവനാണോ നായകന്‍” എന്നുവരെ പലരും ചോദിച്ചിട്ടുണ്ട്. ഈ സിനിമയുടെ ആദ്യ ടീസര്‍ ഇറങ്ങിയ സമയത്ത് അതില്‍ വന്ന കമന്റ് എന്നെ ഒരുപാട് വിഷമിപ്പിച്ചു, “തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്” എന്നായിരുന്നു അത്. ലൊക്കേഷനില്‍ ഞാന്‍ മേക്കപ്പ് ചെയ്ത് നില്‍ക്കുമ്പോഴും കളിയാക്കലുകള്‍ ഉണ്ടായിരുന്നു. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.”

“ലൗ എഫ് എം തന്നെ സിനിമയുടെ റിലീസിന്റെ തലേദിവസമാണ് തിയേറ്റര്‍ തന്നെ ശരിയാകുന്നത്. അങ്ങനെ കിട്ടുന്ന സിനിമ ജനങ്ങളിലേക്കെത്തിക്കാന്‍ എത്ര പ്രയാസം ഉണ്ടാകും. ഞാനും സംവിധായകനും ചേര്‍ന്നാണ് ഈ സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചത്. നായക സങ്കല്‍പങ്ങള്‍ മാറി വരുന്നുണ്ടെങ്കിലും ഇപ്പോഴും ശരീരവും സൗന്ദര്യവും തന്നെയാണ് പലരും ഒത്തുനോക്കുന്നത്. നൂറ് ആളുകളുടെ മുന്നില്‍ വെച്ച് എന്നെ കൊച്ചാക്കിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം ഇതിലും വലുത് അനുഭവിച്ചാണ് ഞാന്‍ ഇവിടെ വരെ എത്തിയത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ശരത് പറഞ്ഞു.