സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി അപര്‍ണ നായര്‍. 2007ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ 2015 വരെ സിനിമയില്‍ സജീവമായിരുന്നു. പിന്നീട് വളരെ ചെറിയ റോളുകളിലും ഷോര്‍ട്ട് ഫിലിമുകളിലും മാത്രമേ അപര്‍ണ വേഷമിട്ടിട്ടുള്ളു. 2022ല്‍ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലാണ് നടി ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്.
24 വയസ് ഒക്കെ ആയപ്പോള്‍ തനിക്ക് സിനിമ മതിയായി എന്നാണ് അപര്‍ണ പറയുന്നത്. തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. നല്ല അവസരങ്ങള്‍ വന്നാലും ഇപ്പോള്‍ നോ പറഞ്ഞ് ഒഴിവാക്കും എന്നും അപര്‍ണ വ്യക്തമാക്കി. നിലവില്‍ സ്റ്റൈലിസ്റ്റ് ആയാണ് അപര്‍ണ ജോലി ചെയ്യുന്നത്. ”ട്വല്‍ത്തിലെ റിസല്‍ട്ട് കാത്തിരിക്കുന്ന സമയത്താണ് നിവേദ്യം ചെയ്യുന്നത്.”
”എന്റെയും ഭാമയുടെയും റിസല്‍ട്ട് സെറ്റില്‍ വെച്ചാണ് വന്നത്. 24 വയസ് ഒക്കെ ആയപ്പോഴേക്കും എനിക്ക് മതിയായി. ഇനി ഞാനൊന്ന് മാറ്റിപ്പിടിക്കണമെന്ന് തോന്നി. ഒരു ദിവസം ഞാന്‍ അഭിനയം നിര്‍ത്തി. ഇനി കുറച്ച് കാലം സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഫീല്‍ഡ് ഔട്ട് ആയെന്ന് പറയും. അല്ലെങ്കില്‍ വേറെന്തെങ്കിലും പറയും.”
”അവനവന്റെ സന്തോഷത്തിന് അവരെന്ത് വേണമെങ്കിലും വിചാരിക്കട്ടെ. രണ്ട് മൂന്ന് നല്ല സിനിമകളില്‍ നിന്നും അവസരം വന്നിരുന്നു. പക്ഷെ ഞാന്‍ എന്തെങ്കിലും പറഞ്ഞ് ഒഴിവാകും. നോ പറയുന്നത് റിസ്‌കാണെന്ന് ഞാന്‍ കരുതുന്നില്ല. ആരോഗ്യമുള്ളിടത്തോളം എന്ത് പണിയെടുത്തും ജീവിക്കാമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സിനിമ തീര്‍ന്നാല്‍ തീരുന്നതല്ല എന്റെ ജീവിതമെന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍.”
”ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളത് കൊണ്ട് കൂടിയാണ് ഞാന്‍ മാറി നിന്നത്. ഗ്ലാമര്‍ ഫീല്‍ഡില്‍ നിന്ന് വരുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നാല്‍ ബുദ്ധിമുട്ടാണ്. കൊവിഡ് സമയത്തായിരുന്നു. സുഹൃത്തുക്കള്‍ സാധാരണ പോലെ കണ്ടു. അത് കൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടില്ലായിന്നു” എന്നാണ് മാതൃഭൂമി പോഡ്കാസ്റ്റില്‍ അപര്‍ണ പ്രതികരിച്ചത്.