'ഇനി ഒന്നിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം ഞങ്ങള്‍ എടുക്കുകയായിരുന്നു'; ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍

കാട്ടുചെമ്പകം മുതല്‍ പതിനഞ്ചോളം സിനിമകളില്‍ അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ചെത്തിയിരുന്നു. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു എന്ന് പറയുകയാണ് അനൂപ് മേനോന്‍.

ജയസൂര്യക്കൊപ്പം വീണ്ടും സിനിമ ചെയ്യാത്തതിന്റെ കാരണമാണ് അനൂപ് മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മനോരമ ഓണ്‍ലൈനോടാണ് അനൂപ് പ്രതികരിച്ചത്. ”ഹോട്ടല്‍ കാലിഫോര്‍ണിയ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങള്‍ തന്നെ എടുത്ത തീരുമാനമാണ് അടുത്ത രണ്ടു വര്‍ഷത്തേക്കു ഒന്നിച്ചു സിനിമ ചെയ്യുന്നില്ല എന്നത്.”

”അതിനു കാരണം എനിക്കു എന്റേതായ ഒരു യാത്രയും അയാള്‍ക്കു അയാളുടേതായ യാത്രയും അനിവാര്യമായതു കൊണ്ടാണ്. ഒരു കോംമ്പോ ജേര്‍ണിയല്ല ഞങ്ങള്‍ക്കു വേണ്ടത് എന്ന തിരിച്ചറിവു കൊണ്ടാണ്. അതു ശരിയായ തീരുമാനവുമായിരുന്നു.”

”കാരണം ഞാനും ജയനും ഇതിനോടകം വളരെയധികം സിനിമകളുടെ ഭാഗമായി. അതിനു ശേഷം ഞങ്ങള്‍ ഓരോ വര്‍ഷം കാണുമ്പോളും അടുത്ത പടം ചെയ്യുന്നതിനെ പറ്റി ആലോചിക്കും. എന്നാല്‍ അത് ഇതുവരെ നടന്നില്ല” എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

അതേസമയം, 21 ഗ്രാംസ് എന്ന ചിത്രമാണ് അനൂപ് മേനോന്റെതായി ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ ആണ് ജയസൂര്യയുടെതായി റിലീസിന് ഒരുങ്ങുന്നത്.