എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ല മേക്കപ്പ്, കമ്പനികള്‍ വളര്‍ത്തുന്നത് യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പങ്ങള്‍: അന്ന ബെന്‍

യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പ്പങ്ങളാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ വളര്‍ത്തുന്നെതന്ന് നടി അന്ന ബെന്‍. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് അന്നയുടെ കുറിപ്പ്. ഇഷ്ടമില്ലാത്ത ഭാഗങ്ങളെ മറയ്ക്കാനോ ഒളിപ്പിച്ചു വെയ്ക്കാനോ ഉള്ളതല്ല മേക്കപ്പ്. സ്വയം അംഗീകരിക്കാനും ആഘോഷിക്കാനുള്ളതുമാണെന്ന് അന്ന കുറിപ്പില്‍ പറയുന്നു.

അന്ന ബെന്നിന്റെ കുറിപ്പ്:

എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു ഇത്. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് തോന്നുന്ന ഇഷ്ടമില്ലായ്മയില്‍ നിന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്തും അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍. അത്തരം കമ്പനികള്‍ യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പങ്ങളാണ് വളര്‍ത്തുന്നത്.

ഇതൊക്കെ തിരിച്ചറിയാനും നമ്മള്‍ ഓരോരുത്തരും വ്യത്യസ്തരാണെന്ന് മനസ്സിലാക്കി സ്വയം അംഗീകരിക്കാനും സാധിച്ചതാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം. മേക്കപ്പിനോട് ഇഷ്ടവും വെറുപ്പും തോന്നിയിട്ടുണ്ട്. മേക്കപ്പിട്ടാല്‍ ശരീരത്തില്‍ എനിക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങളെ മറയക്കാനോ അല്ലെങ്കില്‍ അത് ശരിയാക്കിയെടുക്കാനോ സാധിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നു.

അങ്ങനെ എന്തെങ്കിലും ഒളിപ്പിച്ചു വയ്ക്കാനുള്ളതല്ല മേക്കപ്പ്. സ്വയം അംഗീകരിക്കാനും നമ്മള്‍ എന്താണോ അതിനെ ആഘോഷിക്കാനുള്ളതുമാണ് മേക്കപ്പ്. എന്റെ കുറിപ്പ് വായിക്കുന്ന ആരെങ്കിലും സമാനമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഉള്ളിലും പുറത്തും സൗന്ദര്യമുള്ളവരാണെന്ന് മനസിലാക്കണം.

View this post on Instagram

A post shared by Anna Ben 🌸 (@benanna_love)