എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ല: അജു വര്‍ഗീസ്

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് അജു വര്‍ഗീസ്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ധ്യാന്‍ ചിത്രത്തിലൂടെ നിര്‍മ്മാതാവായ അദ്ദേഹം ഇപ്പോള്‍ കമല എന്ന ചിത്രത്തിലൂടെ നായകനായും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്. നായകനായുള്ള ആദ്യസിനിമ പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആഹ്ലാദമല്ല ചങ്കിടിപ്പാണ് ഉള്ളതെന്നാണ് അജു പറയുന്നത്.

“നായകനാകാന്‍ താത്പര്യമുള്ള ആളല്ല ഞാന്‍, വിനയംകൊണ്ടു പറയുകയല്ല. നായകനാകുന്നതിന്റെ പ്രയാസങ്ങളും ഒരു നടന്‍ എന്നനിലയിലുള്ള എന്റെ പരിമിതികളും എല്ലാം എനിക്ക് വ്യക്തമായി അറിയാം എന്നതുതന്നെയാണ് കാര്യം. ലൗ ആക്ഷന്‍ ഡ്രാമയുടെ റിലീസനുബന്ധ ജോലികള്‍ക്കിടയിലാണ് രഞ്ജിത് ശങ്കറിന്റെ മെസേജ് ലഭിക്കുന്നത്. ഓണച്ചിത്രമായി ലൗ ആക്ഷന്‍ ഡ്രാമ റിലീസ് ചെയ്യാനുള്ള നിര്‍മാതാവിന്റെ നെട്ടോട്ടത്തിലായിരുന്നു ഞാന്‍. മെസേജ് കിട്ടിയപ്പോള്‍ പ്രൊഡക്ഷന്‍ സൈഡില്‍നിന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്.”

“എന്നെ നായകനാക്കി ഒരു വാണിജ്യസിനിമ നിര്‍മ്മിച്ചാല്‍ അതിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പറ്റുമോയെന്നതായിരുന്നു എന്റെ സംശയം. എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ലെന്നുവരെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ ആശങ്കകളെല്ലാം ചെവികൂര്‍പ്പിച്ചുതന്നെ കേട്ടിരുന്നെങ്കിലും നിര്‍മാതാവുകൂടിയായ സംവിധായകന്‍ തീരുമാനത്തില്‍നിന്ന് ഒരല്‍പംപോലും പിറകിലേക്ക് പോയില്ല. ഞാനല്ലാതെ മറ്റൊരാളെവെച്ച് കഥ ആലോചിക്കുന്നില്ലെന്ന് കേട്ടപ്പോള്‍ എനിക്കും ആത്മവിശ്വാസമായി.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അജു പറഞ്ഞു.