ആരാധകന്‍ വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു, കൈമുറിഞ്ഞ് മൊത്തം ചോരയായി.. അമിതാരാധനയ്ക്ക് ഇന്ധനം പകരുന്നത് മാധ്യമങ്ങള്‍: അജിത്ത്

വര്‍ഷങ്ങള്‍ക്ക് മുമ്പേ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട താരമാണ് അജിത്ത്. ആരാധനയുടെ പേരിലുള്ള ഭ്രാന്ത് നിയന്ത്രിക്കണമെന്നാണ് അജിത് പറയുന്നത്. ഒരു ആരാധകന്‍ തനിക്ക് ബ്ലേഡ് വച്ച് കൈ തന്ന സംഭവം ഓര്‍ത്തെടുത്ത് കൊണ്ടാണ് താരം ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് പ്രതികരിച്ചത്. ആരാധകരുടെ അമിതാരാധനയ്ക്ക് ഇന്ധനം പകരുന്നത് മാധ്യമങ്ങളാണെന്നും അജിത്ത് പറയുന്നുണ്ട്.

”ഞങ്ങള്‍ക്ക് ഇന്ന് നല്ലൊരു ജീവിതമുള്ളത് ആരാധകര്‍ കാരണമാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകളെല്ലാം ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇത് പരിശോധിക്കപ്പെടണം. ഒരുപാട് കാശ് മുടക്കിയാണ് തിയേറ്റര്‍ ഉടമകള്‍ തിയേറ്ററുകള്‍ നന്നാക്കുന്നത്. ആഘോഷത്തിന്റെ പേരില്‍ പടക്കം പൊട്ടിക്കുകയും സ്‌ക്രീന്‍ വലിച്ച് കീറുകയും ചെയ്യുന്നതൊക്കെ നിര്‍ത്തണം” എന്നാണ് അജിത്ത് പറയുന്നത്.

അമിതാരാധന മൂലം പലപ്പോഴും പൊതു ഇടങ്ങളില്‍ വച്ച് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അജിത്ത് പറയുന്നുണ്ട്. ഒരിക്കല്‍ ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം കാറില്‍ കയറിയപ്പോള്‍ താന്‍ കാണുന്നത് തന്റെ കൈ രക്തത്തില്‍ കുളിച്ചിരിക്കുന്നതാണ്. ആരാധകരിലാരോ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചായിരുന്നു തനിക്ക് കൈ തന്നതെന്നാണ് അജിത് പറയുന്നത്.

”വര്‍ഷങ്ങള്‍ക്ക് മുമ്പൊരു സംഭവമുണ്ടായി. ഔട്ട്ഡോര്‍ ഷൂട്ടിനിടെയാണ്. താമസിച്ചിരുന്ന ഹോട്ടലിന് മുമ്പില്‍ ആരാധകര്‍ എന്നുമെത്തും. ഒടുവില്‍ ഹോട്ടലിലെ ആളുകള്‍ എന്നോട് അല്‍പ്പനേരം ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഞാന്‍ സമ്മതിച്ചു.”

Read more

”ആരാധര്‍ക്ക് കൈ കൊടുക്കുന്നതിനിടെ കൂട്ടത്തില്‍ ഒരു 19 വയസ് തോന്നിക്കുന്ന പയ്യന്‍ തന്റെ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചിരിക്കുന്നത് കണ്ടു. ഉടനെ തന്നെ അവനെ എന്റെ സ്റ്റാഫ് പിടി കൂടി പറഞ്ഞയച്ചു” എന്നാണ് അജിത്ത് പറയുന്നത്.