രാവിലെ ആറു മണിക്ക് എത്തണമെന്ന് പറഞ്ഞാല്‍ സത്യന്‍ കൃത്യം അഞ്ചരയ്ക്ക് തന്നെ എത്തും, മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഇതുപോലെ തന്നെ: ഷീല

മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ വിട പറഞ്ഞിട്ട് ജൂണ്‍ 15ന് 50 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സത്യന്‍ മാഷിന്റെ സമയനിഷ്ഠ തന്നെയാണ് താന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം എന്ന് നടി ഷീല പറയുന്നു. രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയില്‍ എത്തണമെന്ന് പറഞ്ഞാല്‍ കൃത്യം അഞ്ചരയ്ക്ക് തന്നെ സത്യന്‍ എത്തിയിരിക്കും എന്നാണ് ഷീല പറയുന്നത്.

വാഹന സൗകര്യങ്ങളോ, ഇന്ന് സിനിമയില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത്, എന്തിന് മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത സമയത്തായിരുന്നു സത്യന്‍ മാഷ് തന്റെ സമയനിഷ്ഠയില്‍ ഉറച്ചു നിന്നിട്ടുള്ളത്. തനിക്ക് എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും പറയുന്ന സമയത്ത് തന്നെ അദ്ദേഹം സെറ്റിലെത്തും.

ആരും എത്തിയില്ലെങ്കിലും ഒരു പരിഭവവും പിണക്കവുമില്ലാതെ അദ്ദേഹം അവിടെ ഉണ്ടാകും. സത്യന്‍ സാറിന്റെ മരണം വരെ ആ സമയനിഷ്ഠ അദ്ദേഹം പാലിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും സമയത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല. താന്‍ പലപ്പോഴും അദ്ദേഹത്തിന് മുമ്പേ ലൊക്കേഷനില്‍ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല.

സത്യന്റെ ഈ സമയനിഷ്ഠയാണ് ഇന്നും തന്നെ അത്ഭുതപ്പെടുത്തുന്നത്. മലയാള സിനിമയിലെ പുതുതലമുറയോട് തനിക്ക് പറയാനുള്ളതും അത് തന്നെയാണ്. സത്യന്‍ മാഷിന്റെ ഏറ്റവും നല്ല സ്വഭാവഗുണമേതെന്ന് ചോദിച്ചാലും ഈ സമയനിഷ്ഠ തന്നെ ചൂണ്ടിക്കാണിക്കും.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം അടക്കമുള്ള നടന്മാര്‍ക്കൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ട്. അവരുമൊക്കെ ഇതുപോലെ സമയനിഷ്ഠ പാലിക്കുന്നവരാണ്. ഇന്ന് സൗകര്യങ്ങളും അവസരങ്ങളും എല്ലാം ഉണ്ടായെങ്കിലും സമയത്തിന് മാത്രം വിലയില്ലാതായി. സത്യന്‍മാഷിന്റെ ഓര്‍മ്മയില്‍ ഇന്നും തന്റെ മനസ്സ് അണയാതെ നില്‍ക്കുന്നത് അദ്ദേഹം സമയത്തിന് നല്‍കിയ വില തന്നെയാണ് ഷീല പറഞ്ഞു.