കേരളത്തില്‍ ഇപ്പോള്‍ കഞ്ചാവ് ബംഗാളികളുടെയും സിന്തറ്റിക്ക് ഡ്രഗ്‌സ് മലയാളികളുടെയും എന്ന സ്ഥിതിയാണെന്ന് നടന്‍ ഡിസ്‌കോ രവീന്ദ്രന്‍. സിനിമയിലെ വയലന്‍സും മയക്കുമരുന്ന് ഉപയോഗവും നാട്ടില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു എന്ന വിഷയത്തിലാണ് നടന്‍ പ്രതികരിച്ചത്. സിന്തറ്റിക് ഡ്രഗ്‌സ് വളരെ അപകടകരമാണെന്നും രവീന്ദ്രന്‍ പ്രതികരിച്ചു.
”ന്യൂ മീഡിയയുടെ വളര്‍ച്ച പ്രധാനപ്പെട്ട ഘടകമാണ്. പെട്ടെന്ന് കേരളത്തിലേക്ക് വന്നതാണ് സിന്തറ്റിക്ക് ഡ്രഗ്‌സ്. അത് വലിയ അപകടകാരിയാണ്. കഞ്ചാവ് ബംഗാളികളുടെയും മലയാളികളുടേത് സിന്തറ്റിക്ക് ഡ്രഗ്‌സുമായിട്ടാണ് മാറിയിരിക്കുന്നത്. തലച്ചോറിനെ കണ്‍ട്രോള്‍ ചെയ്യുന്നതാണ് കെമിക്കലുകള്‍.”
”നമ്മുടെ ഇടയില്‍ മാധ്യമ സാക്ഷരത ഏറ്റവും ആവശ്യമുള്ള ഒന്നാണ്. ഒരു ഉദാഹരണം പറയാം, എംജിആര്‍ സിനിമകള്‍ വന്നതെല്ലാം വാള്‍പയറ്റും ഇടിയും ഒക്കെയുള്ളതല്ലേ. എന്നാല്‍ എംജിആര്‍ സിനിമകള്‍ ഒരു സമൂഹത്തെ വളര്‍ത്തിയ സിനിമയാണ്. അണ്ണാ ദുരൈയുടെ സിനിമയായിരിക്കും തമിഴ്‌നാട്ടില്‍ ദ്രാവിഡ മുന്നേറ്റ കഴകമുണ്ടാക്കിയതും.”
”തിന്മയ്ക്കെതിരെ നന്മയുടെ പോരാട്ടം എല്ലാം സിനിമയിലൂടെയാണ് കാണിച്ചത്” എന്നാണ് രവീന്ദ്രന്‍ പറയുന്നത്. അതേസമയം, കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.
ഇതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’യുടെ ടെലിവിഷന്‍ പ്രീമിയറിന് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് സിനിമ തിയേറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് മാര്‍ക്കോ.








