മോഹന്‍ലാല്‍ സാറിനോടാണ് നന്ദി പറയേണ്ടത്, അന്ന് എന്നെ കുട്ടിയെ പോലെയാണ് അദ്ദേഹം നോക്കിയത്: രഞ്ജിത്ത്

‘നാട്ടുരാജാവ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് രഞ്ജിത്ത്. ‘പൊന്‍വിലങ്ങ്’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ രഞ്ജിത്ത് വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലനായി മാറിയിരുന്നു. തനിക്ക് നന്ദി പറയാനുള്ളത് മോഹന്‍ലാലിനോടാണ് എന്നാണ് രഞ്ജിത്ത് ഇപ്പോള്‍ പറയുന്നത്.

നാട്ടുരാജാവ് സിനിമയിലൂടെ തന്നെ പരിചയപ്പെടുത്തിയത് മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”ഒരുപാട് സിനിമകളുടെ കഥ കേട്ടിരുന്നു. എന്നാല്‍ അതൊന്നും ഞാന്‍ ചെയ്തില്ല. ഞാന്‍ നന്ദി പറയേണ്ടത് മോഹന്‍ലാല്‍ സാറിനോടാണ്.”


”എന്റെ ആദ്യ മലയാള സിനിമയില്‍ എന്നെ പരിചയപെടുത്തുന്നത് അദ്ദേഹമാണ്. ഷാജി കൈലാസ് സാറിന്റെ നാട്ടുരാജാവായിരുന്നു ആ സിനിമ. എന്നെ അദ്ദേഹം ഫോണ്‍ വിളിച്ചപ്പോള്‍ അന്ന് ഒരുപാട് സന്തോഷം തോന്നിയിരുന്നു. ആ സമയത്ത് ഒരു ഷൂട്ടിംഗിന്റെ ഇടയില്‍ കാലിന് പരിക്ക് പറ്റിയിരിക്കുകയായിരുന്നു.”

”മര്യാദക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അതിന്റെ അടുത്ത ദിവസമായിരുന്നു ഷൂട്ടിംഗ്. അപ്പോള്‍ ഞാന്‍ ഷൂട്ടിന് വരില്ലെന്ന് പറഞ്ഞു. അന്ന് എന്നെ മോഹന്‍ലാല്‍ സാര്‍ വിളിച്ചു. കാലിന് പരിക്ക് പറ്റിയതൊന്നും കുഴപ്പമില്ല, വന്ന ശേഷം നമുക്ക് നോക്കാമെന്ന് പറഞ്ഞു.”

”കാലിന് കെട്ടുമായാണ് ഞാന്‍ ലൊക്കേഷനിലേക്ക് പോകുന്നത്. എന്നാല്‍ ലൊക്കേഷനില്‍ മോഹന്‍ലാല്‍ സാര്‍ എന്നെ ഒരു കുട്ടിയെ പോലെയാണ് നോക്കിയത്. ലൊക്കേഷനില്‍ എല്ലാവരും അങ്ങനെയായിരുന്നു. ഷാജി കൈലാസ് സാറും ഒരുപാട് സഹായിച്ചു” എന്നാണ് രഞ്ജിത്ത് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.